കേന്ദ്രത്തിന്റെ സൗജന്യ അരി, പയര്‍ 20 മുതല്‍

തിരുവനന്തപുരം: ഈ മാസം 20 മുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ (മഞ്ഞ, പിങ്ക് നിറം)​ ആളൊന്നിന് അഞ്ച് കിലോ അരിയും കാര്‍ഡൊന്നിന് ഒരു കിലോ പയറും സൗജന്യമായി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യമാണിത്.

ഈ വിഹിതം മേയ്, ജൂണ്‍ മാസങ്ങളിലും ലഭിക്കും. സംസ്ഥാന വിഹിതത്തിന് പുറമേയാണ് അന്ത്യോന്തയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക. അതേസമയം നീല, വെള്ള കാര്‍ഡുകാര്‍ക്ക് (മുന്‍ഗണനേതര വിഭാഗം)​ കേന്ദ്രവഹിതം ഉണ്ടാകില്ല. ഇവര്‍ക്ക് ഈ മാസം 30വരെ 15 കിലോ അരി സൗജന്യമായി ലഭിക്കും.

87.28 ലക്ഷം കാര്‍ഡുകളില്‍ 55.44 ലക്ഷവും സൗജന്യ റേഷന്‍ കൈപ്പറ്റി. 89734 മെട്രിക് ടണ്‍ അരിയും 1012 മെട്രിക് ടണ്‍ ഗോതമ്ബുമാണ് ഇന്നലെ വരെ വിതരണം ചെയ്തത്. കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് 91 മെട്രിക് ടണ്‍ അരി നല്‍കി. ഞായറാഴ്ചയും റേഷന്‍ കട തുറക്കും.

സ്റ്റോക്ക് തീരുന്ന മുറയ്ക്ക് സാധനമെത്തിക്കാന്‍ ഗോഡൗണ്‍ തൊഴിലാളികളടക്കം അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. കൃത്യ അളവില്‍ സൗജന്യ റേഷന്‍ നല്‍കാത്ത കടക്കള്‍ക്കെതിരെ നടപടിയെടുത്തു. ലീഗല്‍ മെട്രോളജിയുടെ പരിശോധന നടന്നുവരികയാണ്. വാതില്‍പ്പടി വിതരണം നടത്തുമ്ബോള്‍ ഭക്ഷ്യധാന്യങ്ങള്‍ കരാറുകാര്‍ കടയുടമയെ തൂക്കി ബോദ്ധ്യപ്പെടുത്തണം.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാള്‍ക്ക് പരമാവധി അഞ്ച് കിലോ അരി അല്ലെങ്കില്‍ നാല് കിലോ ആട്ട നല്‍കും. ഭക്ഷ്യകിറ്റ് വിതരണത്തിന് നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *