കൊല്ലത്ത് 2500 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

കൊല്ലം: മത്സ്യവിപണനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ കുന്നത്തൂര്‍, പത്തനാപുരം, പുനലൂര്‍ സര്‍ക്കിളിലായി ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത പരിശോധന. പത്തനാപുരം പൊതുമാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാത്തവര്‍ക്കെതിരെയും മത്സ്യം ഐസില്‍ സൂക്ഷിക്കാതെ വിപണനം നടത്തിയവര്‍ക്കെതിരെയുമാണ് നടപടി.

നീണ്ടകര, കേരളപുരം, കടപ്പാക്കട തുടങ്ങിയ സ്ഥലങ്ങളിലും പരിശോധനകള്‍ നടന്നു. നീണ്ടകരയില്‍ എറണാകുളം വൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് കമ്ബനിയുടെ വാഹനത്തില്‍ ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച 2,500 കിലോവരുന്ന ചൂരമത്സ്യം കേടായതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പത്തനാപുരം പുനലൂര്‍ ഭാഗങ്ങളിലായി 26 പരിശോധനകള്‍ നടത്തുകയും 20 കിലോമത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും ഒന്‍പത് മത്സ്യവിപണന കടകളും പൊതുമാര്‍ക്കറ്റുകളും അടച്ചു പൂട്ടുകയും ചെയ്തു.

കേരളപുരം, കടപ്പാക്കട, എന്നിവിടങ്ങളിലെ പരിശോധനകള്‍ക്ക് കുണ്ടറ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആര്‍ അസീം നേതൃത്വം നല്‍കി. ജതിന്‍ദാസ് രാജു, വിനോദ്കുമാര്‍, ബാബുകുട്ടന്‍ തുടങ്ങിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കിഴക്കന്‍ മേഖല സ്‌ക്വാഡിന് നേതൃത്വം നല്‍കി. നീണ്ടകരയിലെ സംയുക്ത സ്‌ക്വാഡില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എസ് എസ് അഞ്ചു, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ റീന, കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ടി പ്രശാന്തന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *