കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍: ആദ്യ പരിശോധന പോത്തന്‍കോട്

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസ് ബാധിതരെ തിരിച്ചറിയാനായി കേരളത്തില്‍ റാപ്പിഡ് ടെസ്റ്റുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ആദ്യ ടെസ്റ്റ് നൂറോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഐഎംജിയിലും സാമൂഹ വ്യാപനം ഉണ്ടോയെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ പോത്തന്‍കോടുമാണ് നടക്കുക.

പോത്തന്‍ കോട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇയാള്‍ എവിടെ നിന്നാണ് വൈറസ് ബാധിതനായെന്ന കാര്യം ഇനിയും വ്യക്തമല്ല. കൂടാതെ ഇയാള്‍ നിരവധി പൊതു ചടങ്ങുകളും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പോത്തന്‍ കോട് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്.

പരിശോധന സംഘം ഇന്ന് പോത്തന്‍കോട്ടയ്ക്ക് പോകും. മരിച്ചയാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്ത പോത്തന്‍കോട്ടെ ജുമാമസ്ജിദിലുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. മരിച്ച വ്യക്തിയുമായി ബന്ധമുള്ളവരെയും റാപ്പിഡ് ടെസ്റ്റിനു വിധേയാക്കും.

പബ്ലിക്ക് ലാബിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായിട്ടായിരിക്കും റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ പരിശോധിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധ തരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.

ശശി തരൂര്‍ എം.പി മുന്‍കൈ എടുത്ത്‌ കഴിഞ്ഞ ദിവസം 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. രണ്ടര മണിക്കൂറിനകം വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന കിറ്റുകളാണ് കേരളത്തില്‍ എത്തിയത്. രണ്ടായിരം കിറ്റുകള്‍ കൂടി വരും ദിവസങ്ങളില്‍ എത്തും. ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്ന്‌ 57 ലക്ഷം രൂപ ചെലവഴിച്ചാണ് 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങി എത്തിക്കുന്നത്. ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ച പൂനെയിലെ ‘മൈ ലാബ്’ എന്ന കമ്ബനിയാണ് കിറ്റുകള്‍ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *