സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കാസർകോഡ് സ്വദേശികളായ ഏഴ് പേരിലും കണ്ണൂർ സ്വദേശിയായ ഒരാളിലും തൃശൂർ സ്വദേശിയായ ഒരാളിലുമാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതിൽ ഒരാൾ ഗുജറാത്തിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 295 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗം ബാധിച്ച 14 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കോട്ടയത്തെ ആരോഗ്യപ്രവർത്തകയും റാന്നിയിലെ വൃദ്ധ ദമ്പതികളും രോഗം ഭേദമായവരുടെ കൂട്ടത്തിൽ പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. വൃദ്ധ ദമ്പതികൾ രോഗമുക്തി നേടിയത് ആരോഗ്യ സംവിധാനത്തിന്റെ മികവിനെയാണ് എടുത്തുകാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകളുടെ ആദ്യ ബാച്ച് എത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. 1000 കിറ്റുകളാണ് ആസ്യ ബാച്ചിൽ എത്തിയത്. തിരുവനന്തപുരത്താണ് കിറ്റുകൾ ആദ്യം എത്തിയത്. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിക്കുകയാണ്. ഇതിലൂടെ രണ്ട് മണിക്കൂറിനകം കൊവിഡ് 19 പരിശോധനാ ഫലം ലഭിക്കും. ഇന്ന് മാത്രം 154 പേർ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചൻ സംബന്ധിച്ച് അനാവശ്യ ഇടപെടലുകൾ ഉണ്ടാകുന്നു. ഇഷ്ടക്കാർക്ക് ഭക്ഷണം നൽകാൻ ശ്രമിച്ചാൽ അനുവദിക്കാൻ സാധിക്കില്ല. റേഷൻ കടകളിൽ നടത്തിയ പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമമിലാതെ ജോലി ചെയ്യുകയാണെന്നും പ്രതികൂല സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന പൊലീസുകാർക്ക് കിൻലി കമ്പനി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം തമിഴ്നാടുമായി പങ്കിടുന്ന അതിർത്തികൾ അടച്ചുവെന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം അറിയിച്ചു. കേരളം അങ്ങനെയുള്ള കാര്യങ്ങൾ ആലോചിട്ടില്ല എന്നും സംസ്ഥാനം ഒരു അതിർത്തിയും അടയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *