ഏപ്രിൽ അഞ്ച് രാത്രി 9ന് വീടിനു മുന്നിൽ 9 മിനിറ്റ് ദീപം തെളിക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി : ലോക്ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുന്നു. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലർക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ചോദിക്കുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്.– രാജ്യത്തോടുള്ള വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

‘കോവിഡ് എന്ന ഇരുട്ടിനെ അകറ്റണം. ഇതിനായി ഏപ്രിൽ അഞ്ച് വെളിച്ചമാകണം. അന്നു രാത്രി 9ന് വീടിനു മുന്നിൽ 9 മിനിറ്റ് ദീപം തെളിക്കണം. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്. രോഗത്തോടു പോരാട്ടം തുടരണം. സാമൂഹിക അകലം ഒരുകാരണവശാലും ലംഘിക്കരുത്. ജനതാ കർഫ്യു, മണി അടിക്കൽ, കൈ കൊട്ടൽ, പാത്രം കൊട്ടൽ തുടങ്ങിയവയോടെല്ലാം രാജ്യം ഒറ്റക്കെട്ടായാണു പ്രതികരിച്ചത്.

ഇതു പോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ഐക്യപ്പെടേണ്ടതിന്റെ ആവശ്യം രാജ്യം തിരിച്ചറിഞ്ഞു. ഐക്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ആഴം കൂട്ടി ഒന്നായി നിന്നാൽ രാജ്യത്തിനു കൊറോണയെ നേരിടാനാകും. ലോക്ഡൗൺ സമയത്തും നിങ്ങളുടെ, രാജ്യത്തിന്റെ, കൂട്ടായ്മാ മനോഭാവം കാണാനായി. കോടിക്കണക്കിനു പേരാണു വീടുകളിൽ അകപ്പെട്ടിരിക്കുന്നത്. ഇതെത്ര നാൾ വേണ്ടിവരുമെന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. സുഹൃത്തുക്കളെ, കൊറോണ വൈറസ് എന്ന മഹാമാരി നമുക്കു ചുറ്റും അന്ധകാരമാക്കിയിരിക്കുന്നു.

എന്നാൽ പ്രകാശവും പ്രതീക്ഷയും കൊണ്ട് നമ്മൾ കൊറോണയ്ക്കെതിരെ പോരാട്ടം തുടരണം. രോഗം കൂടുതലായി ബാധിച്ചവരെയും പാവങ്ങളെയും നിരാശയിൽനിന്നും പ്രത്യാശയിലേക്ക് ഉയിർത്തെഴുന്നേൽ‌പ്പിക്കണം. ഈ ഇരുട്ടിനെ നിശ്ചയമായും നമുക്ക് ഇല്ലാതാക്കാനാകും. ആഴത്തിൽ പടർന്ന ഈ ഇരുട്ടിനെ നാലു ചുറ്റിലും ദീപം തെളിച്ച് നമുക്കു തോൽപിക്കാം. ഏപ്രിൽ 5ന് 130 കോടി ഇന്ത്യക്കാരുടെ സൂപ്പർപവർ നമുക്കു തെളിയിക്കാനാകണം.

ദീപം തെളിക്കാനായി ആരും വീടിനു പുറത്തേക്ക് ഇറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. വാതിൽപ്പടിയിലോ ബാൽക്കണിയിലോ നിന്നാണു ദീപം തെളിക്കേണ്ടത്. ഒരാളും ‘ലക്ഷ്മണരേഖ’ ലംഘിക്കരുത്. സാമൂഹിക അകലം എപ്പോഴും പാലിക്കണം, അതു ലംഘിക്കാനിട വരരുത്. കൊറോണയെ തുരത്താൻ ‘ബ്രേക്ക് ദ് ചെയിൻ’ മാർഗം മാത്രമാണുള്ളത്. ദീപം തെളിക്കുന്ന ചിത്രങ്ങൾ എല്ലാവരും പങ്കു വയ്ക്കുക. 130 കോടി ഇന്ത്യക്കാർ ദീപപ്രഭയിൽ നിൽക്കുന്ന കാഴ്ച നമ്മുടെ പോരാട്ടത്തിനു കൂടുതൽ ശക്തി പകരും.’– മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *