ലോക്ഡൗൺ കഴിഞ്ഞ ശേഷവും സഞ്ചാര നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: ലോക്ഡൗൺ അവസാനിച്ചാൽ ജനങ്ങൾ നിയന്ത്രിത രീതിയിൽ പുറത്തിറങ്ങുന്നതിന് പൊതുനയം വേണമെന്നും സംസ്ഥാനങ്ങൾ ആശയങ്ങൾ അറിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗൺ കഴിഞ്ഞ ശേഷവും സഞ്ചാര നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിർദേശം

ഈ മാസം 14നു ലോക്ഡൗൺ പിൻവലിക്കുന്നതോടെ ആളുകൾ തള്ളിക്കയറുന്നതു നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കോവിഡ് പ്രതിസന്ധി രൂപപ്പെട്ടശേഷം ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുമായി വിഡിയോ ചർച്ച നടത്തുന്നത്.

ആഗോള സ്ഥിതി ആശാവഹമല്ലെന്നും ചില രാജ്യങ്ങളിൽ രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം സൂചിപ്പിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ജീവിതരീതിക്കുതന്നെ ഭീഷണിയാവുകയാണ്. ജീവഹാനി പരമാവധി കുറയ്ക്കുകയെന്നതാണ് രാജ്യത്തിന്റെ പൊതു ലക്ഷ്യം. പരിശോധന, വൈറസ് ബാധിതരെ കണ്ടെത്തൽ, ക്വാറന്റീൻ തുടങ്ങിയവയിൽ ശ്രദ്ധയൂന്നണം.

ജില്ലകളിൽ പ്രതിസന്ധി മാനേജ്മെന്റ് സംഘത്തെയും നിരീക്ഷണ ഉദ്യോഗസ്ഥനെയും നിയോഗിക്കണം. കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. ആയുഷ് സമ്പ്രദായങ്ങളിലെ ഡോക്ടർമാരെയും ഉപയോഗിക്കണം. പാരാ മെഡിക്കൽ മേഖലയിലുള്ളവരുടെയും എൻസിസി കെഡറ്റുകളുടെയും എൻഎസ്എസ് വൊളന്റിയർമാരുടെയും സേവനം പ്രയോജനപ്പെടുത്തണം. കോവിഡ് രോഗികൾക്കു മാത്രമായുള്ള ആശുപത്രികൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *