കേന്ദ്ര ഇടപെടൽ അപര്യാപ്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കർണാടക അതിർത്തി പ്രശ്നം സംബന്ധിച്ചുള്ള കേന്ദ്ര ഇടപെടൽ അപര്യാപ്തമെന്നും വിഷയം സംബന്ധിച്ചുള്ള യാതൊരു തീരുമാനങ്ങളും കേന്ദ്രം ഇനിയും അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

വിഷയത്തിൽ ‘എല്ലാവരും നല്ല വർത്തമാനങ്ങളാണ് പറയുന്നതെ’ന്നും എന്നാൽ ‘പിന്നീട് വിളിക്കില്ലെന്നു’മാണ് തിരുവനന്തപുരത്ത് നടത്തിയ കൊറോണ രോഗ അവലോകന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. വിഷയം സംബന്ധിച്ചുള്ള ചോദ്യം ഉയർന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ പ്രതികരിച്ചത്.

‘അങ്ങനെയൊരു ഗുണമുണ്ട്. എല്ലാവരും നല്ല വർത്തമാനങ്ങളാണ് പറയുന്നത്. പക്ഷെ പിന്നീട് വിളിക്കില്ല. സദാനന്ദ ഗൗഡയെ വിളിച്ചപ്പോൾ അദ്ദേഹവും പറഞ്ഞു ഞാൻ എല്ലാ കാര്യങ്ങളും സംസാരിച്ച് നിങ്ങളെ വിളിക്കാമെന്ന്. അദ്ദേഹവും പിന്നീട് വിളിച്ചുകണ്ടില്ല. പ്രധാനമന്ത്രിയുമായി സംസാരിച്ചതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും രാത്രി സംസാരിച്ച് നിങ്ങളെ വിളിക്കാമെന്ന് പറഞ്ഞു. അദ്ദേഹവും വിളിച്ചുകണ്ടില്ല. ഇവരുടെ ശ്രമം തുടരുന്നുണ്ടാകും ശ്രമത്തിന് അവസാന ഫലമായില്ല എന്നാണ് അത് കാണിക്കുന്നത്.’ മുഖ്യമന്ത്രി പറഞ്ഞു. അവസാന ഫലമായിട്ടല്ലേ തന്നെ വിളിച്ചിട്ട് കാര്യമുള്ളൂ എന്നും അതറിയിക്കാനായിരിക്കും താമസം വരുന്നതെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താനൊരു ശുഭപ്രതീക്ഷക്കാരനാണെന്നും ഫലം അവസാനം വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *