അബ്ദുൽ അസീസിന്റെ ശവ സംസ്കാരം കല്ലൂർ ജുമാ മസ്ജിദിൽ നടന്നു

തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൽ അസീസിന്റെ ശവ സംസ്കാരം കല്ലൂർ ജുമാ മസ്ജിദിൽ നടന്നു. 10 അടി താഴ്ച്ചയുളള കുഴിയെടുത്താണ് മൃതദേഹം സംസ്കരിച്ചത്. മൃതദേഹത്തിൽ നിന്ന് രോഗം പടരാനുള്ള സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.

ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ബന്ധുക്കൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ല. ലോകരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പാലിച്ച് ആരോഗ്യവകുപ്പിന്റെ മേൽ നോട്ടത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അബ്ദുൾ ലത്തീഫിന്റെ ഭാര്യയും മകളും ചെറുമക്കളുമുൾപ്പെടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്.

ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അബ്ദുൾ അസീസിന് ഉയർന്ന രക്ത സമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു.

അബ്ദുൾ അസീസിന് എവിടെ നിന്നാണ് കൊറോണ വൈറസ് പിടിപ്പെട്ടത് എന്നാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ ഇദ്ദേഹം അടുത്ത കാലത്തൊന്നും വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല.രോഗബാധയുള്ളവരുമായും ഇദ്ദേഹം അടുത്ത് ഇടപെട്ടിട്ടില്ല. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഇന്നലെ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *