ബിഎസ്-4 വാഹനങ്ങളുടെ സമയപരിധി നീട്ടി; ലോക്ക് ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി വില്‍ക്കാം

ബിഎസ്-4 എന്‍ജിനിലുള്ള വാഹനങ്ങളുടെ വില്‍പ്പന മാര്‍ച്ച്‌ 31-ന് അവസാനിപ്പിക്കണമെന്നുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി മുമ്ബ് പ്രസ്താവിച്ച വിധിയില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ അവസാനിച്ച്‌ പത്ത് ദിവസം കൂടി ബിഎസ്-4 വാഹനങ്ങള്‍ വില്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച്‌ ഏപ്രില്‍ 14-നാണ് ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ ഏപ്രില്‍ 24-ന് വരെ ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പന തുടരാം.

അതേസമയം, ഏതാനും ഉപാധികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ്-4 എന്‍ജിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

മാര്‍ച്ച്‌ 31 എന്ന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡിലേഴ്‌സ് അസോസിയേഷന്‍(ഫാഡ), സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ്(സിയാം) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കോടതി ഹര്‍ജി പരിഗണിച്ചത്.

പരിസ്ഥിതിയുടെ നന്മയ്ക്കായി ജനങ്ങള്‍ അല്‍പ്പം ത്യാഗം സഹിക്കണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കൊറോണ വൈറസ് ബാധയും ലോക്ക് ഡൗണും മുതലെടുക്കാനാണ് ഡീലര്‍മാരും വ്യവസായികളും ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, സമയം നീട്ടി നല്‍കിയില്ലെങ്കില്‍ 15,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരിക്കും ഹര്‍ജിക്കാരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *