സ്വര്‍ണവില വീണ്ടും ഗ്രാമിന് 35 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണവില വീണ്ടും കയറി. കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട വന്‍ ഇടിവിന് ശേഷമാണ് ഈ തിരിച്ചുകയറ്റം. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 3825 രൂപയായി. പവന് 30600 ആണ് തിങ്കളാഴ്ചത്തെ വില. വെള്ളിയാഴ്ച പവന് 1200 രൂപ ഇടിഞ്ഞിരുന്നു. ശനിയാഴ്ച വീണ്ടും 280 രൂപ കുറഞ്ഞു. തിങ്കളാഴ്ച വിപണിയില്‍ വീണ്ടും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു. ആഗോളതലത്തില്‍ നിക്ഷേപകര്‍ ആശങ്കയിലായ സാഹചര്യത്തിലാണ് വന്‍ ഇടിവ് കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയത്. ഓഹരി വിപണി പക്ഷേ ഇന്നും തകര്‍ച്ചയിലാണ്.

ഈ മാസം ഒമ്ബതിന് സ്വര്‍ണം സര്‍വകാല റെക്കോഡുകളും ഭേദിച്ച്‌ പവന് 32320 രൂപയായി വര്‍ധിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വന്‍ ഇടിവുമുണ്ടായി. എന്നാല്‍ ഈ ആഴ്ചയുടെ ആദ്യത്തില്‍ തന്നെ ഉയര്‍ച്ചയാണ് കാണിക്കുന്നത്. ഒരുപക്ഷേ വീണ്ടും സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

രൂപയുടെ മൂല്യം ഇടിയുന്നതും കൊറോണ ഭീതിയും നിക്ഷേപകര്‍ ആശങ്കയിലായതുമെല്ലാം സ്വര്‍ണത്തിലേക്ക് ആളുകള്‍ തിരിയാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിവാഹ ആവശ്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വില ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *