2234 പേര്‍ അറസ്റ്റില്‍; 1447 വാഹനങ്ങള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ മൂന്നാം ദിവസത്തേക്ക് കടന്നതോടെ അനാവശ്യയാത്രക്കാരെ തടയാന്‍ നിലപാടും നടപടിയും കടുപ്പിച്ച്‌ പൊലീസ്. നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്ത 2098 പേര്‍ക്കെതിരെ വ്യാഴാഴ്ച കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് റജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ്, 245 എണ്ണം. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം റജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ആണ് പിന്നില്‍.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ റോഡില്‍ തിരക്ക് കുറഞ്ഞ് തുടങ്ങി. മൂന്നാം ദിനത്തില്‍ പൊലീസിന്റെ രൂപവും ഭാവവും മാറി. ലാത്തിയുടെ അകമ്ബടിയോടെയായി പരിശോധന. ഉപദേശം കേള്‍ക്കാത്തവരോടുള്ള ഭാഷ കടുപ്പിച്ചു. അവശ്യവിഭാഗമാണങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, അല്ലെങ്കില്‍ വ്യക്തമായ കാരണമുള്ള സത്യവാങ്മൂലം. ഇതു രണ്ടുമില്ലാത്ത വാഹനങ്ങളെല്ലാം തടഞ്ഞു. ഇതോടെ കാഴ്ചകാണാന്‍ ഇറങ്ങുന്നവര്‍ കുറഞ്ഞു. അതേസമയം അവശ്യവിഭാഗക്കാരോട് പോലും പൊലീസ് മോശമായി പെരുമാറുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.

വ്യാഴാഴ്ച സംസ്ഥാനത്ത് 2234 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ആലപ്പുഴയിലാണ്- 214 പേര്‍. ഏറ്റവും കുറവ് പേര്‍ വയനാട്ടിലും, 31 പേര്‍. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 1447 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180) കുറവ് വയനാട്ടിലുമാണ് (12)

Leave a Reply

Your email address will not be published. Required fields are marked *