കൊറോണ വൈറസ്: എല്ലാ വിസകള്‍ക്കും വിലക്ക്, വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി:കൊറോണ വൈറസ് (COVID 19) ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്. മുന്‍പ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക്. എന്നാല്‍, കൊറോണ വൈറസ് 100ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ച സ്ഥിതിയ്ക്ക് വിലക്ക് എല്ലാ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തുകയായിരുന്നു. വിസ വിലക്ക് മാര്‍ച്ച്‌ 13 മുതല്‍ നിലവില്‍ വരും.

ഏപ്രില്‍ 15 വരെ ടൂറിസ്​റ്റ്​ വിസകളടക്കം റദ്ദാക്കാന്‍ കേന്ദ്ര ആരോഗ്യ ​മ​ന്ത്രി ഹര്‍ഷവര്‍ധ​​െന്‍റ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് തീരുമാനിച്ചത്. നയതന്ത്ര വിസകള്‍ പോലുള്ളവ മാത്രമാണ്​ ഈ കാലയളവില്‍ അനുവദിക്കുക.

ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്​, സ്​പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍നിന്ന്​ ഫെബ്രുവരി 15നു ശേഷം ഇന്ത്യയില്‍ എത്തിയവരെയെല്ലാം 14 ദിവസത്തെ കര്‍ക്കശ നിരീക്ഷണത്തിലാക്കും.

കൂടാതെ, വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ നോഡല്‍ ഓഫീസറെ നിയമിക്കും.

കൊറോണ വൈറസ് (COVID 19) നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ച സാഹചര്യത്തിലാണ് ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുന്നത്. അത്യന്തം ആശങ്കാജനകമായ ഒരു സാഹചര്യമാണ് ലോകത്തെന്ന് ലോകാരോഗ്യ സംഘടന പറയുന്നു

ചൈനയില്‍ രൂപമെടുത്ത കൊറോണ വൈറസ് (COVID 19) രാജ്യത്തിന്‌ പുറത്തേയ്ക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ 13 മടങ്ങ് വര്‍ധനവുണ്ടായെന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്.

അതേസമയം, നിരവധി വിമാന സര്‍വീസുകളും ഇന്ത്യ റദ്ദാക്കി. ഇറ്റലിയിലേക്ക് മാര്‍ച്ച്‌ 25 വരെയും ദക്ഷിണ കൊറിയയിലേക്ക് മാര്‍ച്ച്‌ 28 വരെയുമാണ് വിമാന സര്‍വിസ് റദ്ദാക്കിയത്. എന്നാല്‍, കാര്‍ഗോ സര്‍വീസുകള്‍ക്ക് മുടക്കമില്ല എന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

.

 

Leave a Reply

Your email address will not be published. Required fields are marked *