എസ്.എല്‍.എല്‍.സി, പ്ലസ് ടു : മാസ്‌ക് വച്ച്‌ പരീക്ഷ എഴുതും

തിരുവനന്തപുരം: കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13.74 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി, വി.എച്ച്‌.എസ്.ഇ വകുപ്പുകള്‍ ഏകീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഈ മൂന്ന് വിഭാഗത്തിലുമായി ഒരുമിച്ച്‌ പരീക്ഷ നടക്കുന്നത്. എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകള്‍ ഇന്നാരംഭിച്ച്‌ 26ന് അവസാനിക്കും. വി.എച്ച്‌.എസ്.ഇ പരീക്ഷ 27ന് അവസാനിക്കും. പ്ലസ് വണ്‍ പരീക്ഷകളും ഇന്നാരംഭിക്കും.

2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,450 വിദ്യാര്‍ത്ഥികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,38,457ഉം എയ്ഡഡ് സ്‌കൂളുകളില്‍ 2,53,539ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 30,454 വിദ്യാര്‍ത്ഥികളുമുണ്ട്. ഗള്‍ഫ് മേഖലയില്‍ 597ഉം ലക്ഷദ്വീപില്‍ 592പേരും, ഓള്‍ഡ് സ്‌കീമില്‍ 87 പേരുമുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്‌.എസ്സിലാണ് (2327). കുട്ടനാട് തെക്കേക്കര ഗവ.എച്ച്‌.എസ്സിലാണ് ഏറ്റവും കുറവ് (2). ടി.എച്ച്‌.എസ്.എല്‍.സി: 48 പരീക്ഷാ കേന്ദ്രങ്ങള്‍, 3091 പേര്‍.

പ്ലസ് ടു: 2033 പരീക്ഷാ കേന്ദ്രങ്ങള്‍, 4,52,572 വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ ഗോയിംഗ് – 3,77,322. ആണ്‍കുട്ടികള്‍-1,80,352. പെണ്‍കുട്ടികള്‍-1,97,970. ഓപ്പണ്‍ സ്‌കൂള്‍- 50,890. ഏറ്റവും കൂടുതല്‍ – മലപ്പുറം(80,051). ടെക്‌നിക്കല്‍ -1229. ലക്ഷദ്വീപ് – 1268. ഗള്‍ഫ്- 498. മാഹി-754 പരീക്ഷയെഴുതും. മൂല്യനിര്‍ണയം ഏപ്രില്‍ 2 മുതല്‍ എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഏപ്രില്‍ 2ന് ആരംഭിച്ച്‌ 23ന് അവസാനിക്കും. നാലു മേഖലകളിലായി നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്ബുകളുടെ ആദ്യഘട്ടം 8ന് അവസാനിക്കും. ഈസ്റ്റര്‍, വിഷു അവധിക്കു ശേഷം 15ന് പുനരാരംഭിച്ച്‌ 23ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപനമുണ്ടാകും. മൂല്യനിര്‍ണയത്തിനു മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ മാര്‍ച്ച്‌ 30, 31 തീയതികളില്‍. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്ബുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും.

പരീക്ഷയ്‌ക്കെത്തുന്ന കുട്ടികള്‍ക്ക് മാസ്‌ക്കുകള്‍ ലഭ്യമാക്കും. എല്ലാ സ്‌കൂളുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. പത്തനംതിട്ട ജില്ലയില്‍ ജാഗ്രത നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐസലേഷനിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *