കോവിഡ്: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം:  കോവിഡ് 19 പടരുന്നത് തടയാനായി സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാംപിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാംപിളുകൾ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 5 പേരേ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം തിങ്കളാഴ്ച ഒഴിവാക്കിയിട്ടുണ്ട്.

പത്തനംതിട്ടയിലെ രോഗബാധിതരുമായി 270 പേര്‍ക്ക് സമ്പര്‍ക്കമുണ്ടായി. 95 പേര്‍ അടുത്തിടപഴകിയരാണ്. കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ സ്രവപരിശോധനയക്ക് അനുമതിയുണ്ട്. നാളെയും മറ്റന്നാളുമായി രണ്ടിടത്തും പരിശോധന തുടങ്ങും. സംസ്ഥാനത്തെ ആറ് രോഗികളുടെയും നില തൃപ്തികരമാണെന്നു മന്ത്രി പറഞ്ഞു.

പ്രായമായ രണ്ടുപേര്‍ക്ക് വൈറസ്ബാധ സംശയിക്കുന്നുണ്ട്. ഇരുവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി. മെഡിക്കൽ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *