രാജ്യസഭ: യെച്ചൂരി വേണ്ടെന്ന് പി.ബി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള ബംഗാള്‍ ഘടകത്തിന്റെ ശ്രമത്തിന് പൊളിറ്റ് ബ്യൂറോ വീണ്ടും തടയിട്ടു. ചട്ടലംഘനവും ജനറല്‍ സെക്രട്ടറിയുടെ സംഘടനാ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാണിച്ചാണ് പി.ബി. യെച്ചൂരിയുടെ പേര് തള്ളിയത്.

രണ്ടാം തവണയാണ് യെച്ചൂരിയെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് പി.ബി. തീരുമാനിക്കുന്നത്. പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും പ്രാതിനിധ്യമില്ലാത്ത ബംഗാള്‍ ഘടകം, യെച്ചൂരിയിലൂടെ താത്‌കാലിക ആശ്വാസം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷശബ്ദത്തിന് കരുത്തുകൂട്ടാന്‍ യെച്ചൂരിയുടെ സാന്നിധ്യം ഉപകരിക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വവും ഈ നീക്കത്തെ സര്‍വാത്മനാ പിന്തുണച്ചു. എന്നാല്‍, പി.ബി. അയയാഞ്ഞത് ബംഗാള്‍ ഘടകത്തിന് നിരാശയായി.

17 അംഗ പൊളിറ്റ് ബ്യൂറോയിലെ ഒന്‍പത് പേര്‍ പങ്കെടുത്ത അവയ്‍ലബിള്‍ പി.ബി.യാണ് യെച്ചൂരി വേണ്ടെന്ന തീരുമാനമെടുത്തത്. രണ്ടില്‍ക്കൂടുതല്‍തവണ രാജ്യസഭയിലേക്ക് ഒരംഗത്തെ നാമനിര്‍ദേശം ചെയ്യരുതെന്ന പാര്‍ട്ടി ചട്ടമുണ്ട്. ഇതോടൊപ്പം പാര്‍ലമെന്‍റ് നടപടികളില്‍ സജീവമാകാനും ജനറല്‍ സെക്രട്ടറിയുടെ സംഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും ഒരേസമയം കഴിയില്ലെന്ന ന്യായവും പി.ബി. നിരത്തി. തീരുമാനമെടുക്കുന്നതിനുമുന്‍പ് ബംഗാളില്‍നിന്നുള്ള പി.ബി. അംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു.

യെച്ചൂരിയുടെ പേര് ഒഴിവായതോടെ ബംഗാള്‍ ഘടകത്തിന്റെ മുന്നിലുള്ള മറ്റൊരു പേര് പി.ബി. അംഗംകൂടിയായ മുഹമ്മദ് സലീമിന്റേതാണ്. എന്നാല്‍, യെച്ചൂരിക്ക് കൊടുക്കാമെന്നേറ്റ പിന്തുണ അദ്ദേഹത്തിന് നല്‍കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അത്ര താത്പര്യമില്ല. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് ഇതുസംബന്ധിച്ച്‌ പി.സി.സി. അധ്യക്ഷന്‍ സോമേന്‍ മിത്രയുമായി ചര്‍ച്ചനടത്തി. എന്നാല്‍, അന്തിമതീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളട്ടെ എന്നാണ് പി.സി.സി.യുടെ നിലപാട്.

പശ്ചിമബംഗാളില്‍നിന്നുള്ള അഞ്ച് രാജ്യസഭാംഗങ്ങളെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച്‌ 26-ന് നടക്കും. നിലവിലെ നിയമസഭാ അംഗസംഖ്യവെച്ച്‌ നാലുസീറ്റുകളില്‍ തൃണമൂല്‍ ഉറപ്പായും ജയിക്കും. ഒറ്റയ്ക്ക് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ സി.പി.എമ്മിന് സാധിക്കില്ല. എന്നാല്‍, കോണ്‍ഗ്രസ് പിന്തുണയുണ്ടെങ്കില്‍ അഞ്ചാം സീറ്റില്‍ ജയിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *