ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്തുവെച്ചായിരുന്നു സ്ഥാനാരോഹണം. കേന്ദ്രമന്ത്രി കെ സുരേന്ദ്രന്‍, ഒ രാജഗോപാല്‍ എംഎല്‍എ, ദേശീയ സെക്രട്ടറി എച്ച്‌ രാജ, പാര്‍ട്ടി സംസ്ഥാന നേതാക്കള്‍, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായാണ് കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത്.

രാവിലെ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലെത്തിയ കെ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. പ്ലക്കാര്‍ഡുകളും പുഷ്പാര്‍ച്ചനയുമായിട്ടായിരുന്നു സ്വീകരണം. റെയില്‍വേ സ്റ്റേഷന് പുറത്തിറങ്ങിയ കെ സുരേന്ദ്രനെ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി വരവേറ്റു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങിയവര്‍ സുരേന്ദ്രനെ സ്വീകരിക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ റോഡ്‌ഷോയായിട്ടാണ് കെ സുരേന്ദ്രനെ ബിജെപി ആസ്ഥാനത്തെത്തിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയുമായി സുരേന്ദ്രന്റെ റോഡ് ഷോയെ അനുഗമിച്ചു.

മുന്‍ അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം മൂന്നര മാസത്തിന് ശേഷമാണ് കെ സുരേന്ദ്രന്‍ ചുമതലയേല്‍ക്കുന്നത്. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ കെ സുരേന്ദ്രന്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കടക്കുന്നത്. ഗുരുവായൂരപ്പന്‍ കോളേജിലെ രസതന്ത്ര പഠനത്തിനിടെ എബിവിപി നേതാവായി. പിന്നീട് എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ കെ സുരേന്ദ്രനെ കെ ജി മാരാര്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലേക്ക് എത്തിച്ചു. ഇവിടെ നിന്നും ബിജെപിയിലേക്ക് പ്രവര്‍ത്തനം മാറിയ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെയാണ് സംസ്ഥാന അധ്യക്ഷപദവിയിലേക്ക് നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *