സെമിത്തേരി ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം : ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം സംസ്ക്കരിക്കാന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങള്‍ക്ക് അവകാശം നല്‍കുന്ന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനും അന്തരിച്ചവര്‍ക്ക് മാന്യമായ സംസ്ക്കാരം ഉറപ്പാക്കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

ഓര്‍ത്തഡോക്സ് – യാക്കോബായ സഭകള്‍ക്കിടയിലെ തര്‍ക്കത്തെ തുടര്‍ന്ന് ശവമടക്ക് നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ശവമടക്കലിന് അവകാശം നല്‍കുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രതിപക്ഷത്തിന്റെയും മറ്റ് ക്രിസ്ത്യന്‍ സഭകളുടെയും അഭിപ്രായം കണക്കിലെടുത്ത് നിയമം യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രം ബാധകമാക്കിക്കൊണ്ടും ശവം എന്നതിന് പകരം മൃതദേഹം എന്ന വാക്ക് ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് ബില്‍ സബ്ജക്‌ട് കമ്മറ്റി അംഗീകരിച്ചത്. ബില്‍ പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രി സഭയില്‍ ഇല്ലാതിരുന്നത് ശ്രദ്ധേയമായി. . മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവരെ ബില്ല് ബാധിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ആശങ്കകള്‍ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബില്ലിനെതിരെ സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. ബില്‍ എല്ലാ ക്രിസ്ത്യന്‍ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുത്തും എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കുന്നതുമാകണമെന്ന് കെസിബിസി പ്രസിഡണ്ടന്റും സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *