കേന്ദ്രത്തെ വിമര്‍ശിച്ച് സംസ്ഥാന ബജറ്റ് ; പടുകൂറ്റന്‍ പദ്ധതികളുമായി ഐസക്ക്

കെ.സി.വിശാഖ്


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് സംസ്ഥാനത്തിന് കൈനിറയെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ വ്യക്തമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് അവതരണം ആരംഭിച്ചത്.
രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന ഒരു കാലത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതിനിധികളാണ് രാജ്യത്ത് ഭരണം കൈയാളുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. സാധാരണക്കാര്‍ക്ക് പകരം കോര്‍പ്പറേറ്റുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര ബഡ്ജറ്റിനെ ലാക്കാക്കി അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക നില തകര്‍ച്ചയിലേക്കാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബഡ്ജറ്റ് അവതരണത്തിലേക്ക് കടന്നത്. രണ്ടര മണികൂര്‍ നേരം നീണ്ട സംസ്ഥാന ബഡ്ജറ്റ് അവതരണത്തില്‍ പ്രവാസികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ച് നിരവധി ജനക്ഷേമ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ നോക്കാം.
താഴെക്കിടയിലുള്ള ജനങ്ങളുടെ പ്രധാന ആശങ്കയായ ഭക്ഷണ ലഭ്യതയെ ബഡ്ജറ്റില്‍ ധനമന്ത്രി അഭിസംബോധന ചെയ്തു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ 25 രൂപയ്ക്ക് ഊണ് സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനായി 1000 ഭക്ഷണശാലകളും തുറക്കുമെന്നും അദ്ദേഹം ബഡ്ജറ്റിലൂടെ ഉറപ്പ് നല്‍കി. ഇതേ പദ്ധതിയുടെ ഭാഗമായി 200 കേരള ചിക്കന്‍ ഔട്‌ലെറ്റുകളും കേരള സര്‍ക്കാര്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തെ കണക്കിലെടുത്ത് ഓഖി ഫണ്ട് വിനിയോഗത്തില്‍ ഓഡിറ്റിങ്ങ് കൊണ്ടുവരുമെന്നും ഫിഷ് മാര്‍ക്കറ്റുകള്‍ക്ക് 100 കോടി നല്‍കുമെന്നും 1000 കോടിയുടെ തീരദേശ പാക്കേജ് കൊണ്ടുവരുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പ്രധാനമായും തൊഴിലാളികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ക്ഷേമ പെന്‍ഷനില്‍ 100 രൂപ കോടി ചേര്‍ത്തുകൊണ്ട് അത് 1300 രൂപയാക്കി വര്‍ദ്ധിപ്പിച്ചത് ബഡ്ജറ്റിലെ ഹൈലൈറ്റായി. എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ദ്ധനവാണ് അദ്ദേഹം ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്. പുതിയതായി 2.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ പ്രഖ്യാപിച്ചതും കൃത്യമായി ദാഹജലം ലഭിക്കാതെ വലയുന്ന കേരള ജനതയ്ക്ക് ആശ്വാസമായേക്കും.
ഇതിനായി 4384 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള വിതരണത്തിന് 8523 കോടിനല്‍കുമെന്നും ഒരു ദിവസം 10 കോടി ലിറ്റര്‍ കുടിവെള്ള വിതരണം ലക്ഷ്യം വയ്ക്കുന്നുവെന്നും ജല അതോറിറ്റിക്ക് 675 കോടിനല്‍കുമെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
രാജ്യവ്യാപകമായി സ്ത്രീസുരക്ഷാ വിഷയം വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ അതിനും തന്റെ ബഡ്ജറ്റില്‍ മന്ത്രി തോമസ് ഐസക്ക് പ്രാധാന്യം നല്‍കി. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനായി നിര്‍മിക്കപ്പെട്ട നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി സ്ത്രീസുരക്ഷയ്ക്ക് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കിയത്. വനിതാക്ഷേമത്തിനുള്ള വിഹിതവും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 1509 കോടി രൂപയാണ് വനിതാക്ഷേമത്തിനായി സര്‍ക്കാര്‍ നീക്കി വയ്ക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്.
അടിസ്ഥാന സൗകര്യ വികസന വിഷയത്തില്‍, 43 കിലോമീറ്ററുകളില്‍ 10 ബൈപ്പാസുകളും, 53 കിലോമീറ്ററില്‍ 74 പാലങ്ങളും കൊണ്ടുവരുമെന്ന പ്രഖ്യാപനവും ഉണ്ടായി. 202021ല്‍ കിഫ്ബിയില്‍ 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള്‍ ആരംഭിക്കുമെന്നുമുള്ള പരാമര്‍ശവും ബഡ്ജറ്റില്‍ ഉണ്ടായി. അതിവേഗ റെയില്‍ പാതയുടെ ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തിലെന്നും മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
കൊച്ചി വികസനത്തിന് 6000 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയത്. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും ഏകീകൃത ട്രാവല്‍ കോഡ് സംവിധാനം ലഭ്യമാകുമെന്നും ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടായി. ഇതോടൊപ്പമുണ്ടായ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് പലിശ രഹിത വായ്പ്പ സര്‍ക്കാര്‍ നല്‍കുമെന്ന പ്രഖ്യാപനം സംരംഭകര്‍ക്ക് ആശ്വാസം നല്‍കുന്നു.
ബഡ്ജറ്റില്‍ ഭവനപദ്ധതികള്‍ക്കും ധനമന്ത്രി ആവശ്യമായ പ്രാമുഖ്യം നല്‍കിയിരുന്നു. പ്രളയ സമയത്ത് മലയാളിയുടെ രക്ഷകരായി അവതരിച്ച മത്സ്യ തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും പ്രധാനം. സര്‍ക്കാരിന്റെ വിജയപദ്ധതികളില്‍ ഒന്നായ ലൈഫ് മിഷനിലൂടെ ഒരു ലക്ഷം വീടുകളും ഫ്‌ലാറ്റുകളും കൂടി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന വാഗ്ദാനവും ഉണ്ടായി.
ആരോഗ്യ മേഖലയില്‍ വികസനം ലക്ഷ്യം വച്ച്, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 50 കോടി നല്‍കുമെന്നും കെ.എസ്.ഡി.പി മരുന്ന് ഉത്പാദനം ആരംഭിക്കും മന്ത്രി പ്രഖ്യാപിച്ചു. കാന്‍സറിനുള്ള മരുന്നിന്റെ വില കുറയ്ക്കാന്‍ സാധിക്കുമെന്നും പതിനായിരം നഴ്‌സുമാര്‍ക്ക് വിദേശങ്ങളില്‍ ജോലി സാധ്യത ഉറപ്പാക്കുന്നതിനായി ക്രാഷ് കോഴ്‌സ് നടത്തുന്നതിനായി 5 കോടി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസ മേഖലയില്‍, ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി നല്‍കുമെന്നും, 1000 പുതിയ തസ്തികകള്‍, കോളേജുകളില്‍ പുതിയതായി 60 കോഴ്‌സുകള്‍, കോട്ടയം സി.എം.എസ് കോളേജില്‍ ചരിത്ര മ്യൂസിയം എന്നിവ ധനമന്ത്രി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ ചിലവ് ചുരുക്കുന്നത് പ്രായോഗികമല്ലെന്നും അതിനായി മറ്റ് അധിക ചിലവുകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അറുപത് വയസിന് മേലെ പ്രായമുളള അംഗങ്ങള്‍ക്ക് പെന്‍ഷന്‍, രോഗമോ അപകമോ മൂലം സ്ഥിരമായ അവശത ഉണ്ടായാല്‍ അവശത പെന്‍ഷന്‍, രോഗബാധിതരായ അംഗങ്ങളുടെ ചികിത്സയാക്കായി ധനസഹായം, വിവാഹ ധനസഹായം, പഠന സഹായം തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രവാസി ക്ഷേമ നിധിയിലൂടെ നടപ്പിലാക്കുന്നത്. പ്രവാസി ചിട്ടി ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കൂടി വ്യാപിപ്പിക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

പ്രവാസികളെ സഹായിക്കുന്ന ഘടകങ്ങള്‍
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിന് വിരുദ്ധമായി പ്രവാസികളെ സഹായിക്കുന നിരവധി പദ്ധതികളെ കുറിച്ചും മന്ത്രി തോമസ് ഐസക്ക് തന്റെ ബഡ്ജറ്റിലൂടെ വിശദീകരിച്ചു. പ്രവാസ ക്ഷേമ പദ്ധതികള്‍ക്ക് 90 കോടി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ധനമന്ത്രി, പ്രവാസ ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി അറിയിച്ചു. പ്രവാസ ചിട്ടി അന്യ സംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചിലവഴിച്ചത് 68 കോടി രൂപയാണെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. പിണറായി സര്‍ക്കാര്‍ ഇതുവരെ മാത്രം 152 കോടി രൂപ പ്രവാസികള്‍ക്കായി ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു.
നാട്ടിലേക്ക് തിരിച്ച് വരുന്ന പ്രവാസികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പിലാക്കും
24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ബോധവല്‍കരണത്തിനും പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചു.
പ്രവാസി സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ രണ്ട് കോടി.
പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ പ്രവാസി നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് സര്‍ക്കാര്‍ സബ്‌സിഡിയോടെ ഉറപ്പാക്കും.
ലോക കേരളാ സഭക്കും ലോക സാംസ്‌കാരിക മേളക്കും കൂടി 12 കോടി.
പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റും 202021 വര്‍ഷത്തില്‍ പ്രവര്‍ത്തന പഥത്തില്‍ എത്തും.
പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സിന്റെയും പെന്‍ഷന്റെയും ആനുകൂല്യങ്ങള്‍ ഉറപ്പാും.
കേരളത്തിലെ ചാരിറ്റികള്‍ക്ക് പ്രോത്സാഹന തുക പ്രവാസി സംഘടനകള്‍ക്ക് അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *