എസ്ഡിപിഐയെപ്പറ്റി പറയുമ്പോള്‍ പ്രതിപക്ഷത്തിന് എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്ഡിപിഐയെയും അവര്‍ നടത്തിയ അക്രമത്തെയും പറയുമ്പോള്‍ പ്രതിപക്ഷത്തിന് എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ കേസ് എടുത്തവരെപ്പറ്റി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒട്ടുമിക്ക സംഘടനകളും സമാധാനപരമായാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. അതില്‍ കയറിയാണ് ചിലര്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് മുഖ്യമന്ത്രി പറഞ്ഞു.

മഹല്ല് കമ്മിറ്റികള്‍ ധാരാളം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം സമാധാനപരമായി നടത്താന്‍ അവര്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. നാട്ടില്‍ എസ്ഡിപിഐ എന്ന് പറയുന്നൊരു വിഭാഗമുണ്ട്. തീവ്രവാദപരമായി ചിന്തിക്കുന്ന വിഭാഗം. അതില്‍പ്പെട്ടവര്‍ ചിലയിടത്ത് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അത്തരം കാര്യങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയും ഉണ്ടായിട്ടുണ്ടാകാം. കാരണം അവര്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍, നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നടപടി ഉണ്ടാകുന്നത് സ്വാഭാവികമാണ്.

അക്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. നിയമാനുസരണം പ്രതിഷേധിച്ച ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ പൗരത്വ നിയമത്തിനെതരായ പ്രക്ഷോഭത്തിന്റെ പേരില്‍ പോസ്റ്റ്ഓഫീസ് തല്ലിപ്പൊളിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ കേസെടുക്കുക തന്നെ ചെയ്യുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ് ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *