പ്രണയം നിരസിക്കപ്പെട്ടു എന്ന കാരണത്താല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണയം നിരസിക്കപ്പെട്ടു എന്ന കാരണത്താല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.  ഇത്തരം സംഭവങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമപ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും എം രാജഗോപാലന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പ്രണയം നിരസിക്കപ്പെട്ടു എന്ന കാരണത്താല്‍ സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2016 മുതല്‍ നാളിതുവരെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് സംഭവങ്ങളിലെ പ്രതികള്‍ മരണപ്പെട്ടിട്ടുണ്ട്. ബാക്കി 5 കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിച്ചിട്ടുമുണ്ട്. രണ്ട് കേസുകള്‍ അന്വേഷണാവസ്ഥയിലാണുള്ളത്. മറ്റുള്ളവയില്‍ ചാര്‍ജ്ജ് ഷീറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചുകഴിഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ നമ്മുടെ പൊതു സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. പല സന്ദര്‍ഭങ്ങളിലും ചെറുപ്രായക്കാരുടെ ജീവനാണ് നമുക്ക് നഷ്ടമായിട്ടുള്ളത്. കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യക്കുറവ് ഒരളവുവരെ ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

കുട്ടികള്‍ക്കിടയിലെ വളര്‍ച്ചാപരവും സ്വഭാവപരവും വൈകാരികവുമായ വൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ തുടക്കത്തിലേ തന്നെ കണ്ടുപിടിക്കാനും പ്രാഥമിക ഇടപെടലുകള്‍ നടത്താനുമുതകുംവിധം അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്ന് സര്‍ക്കാരിന്റെ ആരോഗ്യനയം വ്യക്തമാക്കുന്നുണ്ട്.

കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനും അവര്‍ക്കിടയില്‍ സംഭവിക്കാനിടയുള്ള ഇത്തരം പ്രശ്‌നങ്ങളെക്കുറച്ച് മാതാപിതാക്കള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മുഖേന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വഴി ഇനിയും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആ ദിശയിലേക്കുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *