കേന്ദ്ര ബജറ്റ്: പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് പ്രത്യാഘാതമുണ്ടാക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് കേന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ബജറ്റിനൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍കം ടാക്‌സ് ആക്‌ട് 1961 – ലെ സെക്ഷന്‍ ആറ് ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ പ്രവാസികളെ രൂക്ഷമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഉള്ള ഭൂരിപക്ഷം മലയാളികളും കേരളത്തില്‍ വീടും കുടുംബവും ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങള്‍ക്കായി അവര്‍ കേരളത്തില്‍ വരികയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല. നികുതി ഒഴിവാക്കുന്നതിനു വേണ്ടി രാജ്യം വിടുന്ന കൂട്ടത്തില്‍ പെടുന്നവരല്ല അവര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നാട്ടിലുള്ള കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്.

സ്ഥിരവാസിയായി കണക്കാനുള്ള മാനദണ്ഡം 182 ദിവസമായിരുന്നത് 120 ദിവസമായി കുറച്ചപ്പോള്‍ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിനോടുള്ള സ്‌നേഹത്തിലും കര്‍ത്തവ്യങ്ങളിലുമാണ് കത്തി വെക്കുന്നത്. എണ്ണക്കമ്ബനികളിലും റിഗ്ഗുകളിലും മര്‍ച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ വിവിധ കാരണങ്ങളാല്‍ താങ്ങേണ്ടിവരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആശങ്ക. പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഇത്തരം നടപടികള്‍ ആദായ നികുതി അടയ്ക്കാന്‍ വരുമാനമില്ലാത്ത, സാമ്ബത്തികമായി താഴേക്കിടയിലുള്ള ഗള്‍ഫ് മലയാളികളെ തകര്‍ക്കുന്നതാകരുത്. കഠിനാദ്ധ്വാനത്തിലൂടെ സമ്ബാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്ബദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്ബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്നകാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *