തദ്ദേശവാര്‍ഡ് വിഭജനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്നും വിവാദങ്ങളുടെ ആവശ്യമില്ലെന്നും മന്ത്രി എ കെ ബാലന്‍. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ജനസംഖ്യയ്ക്ക് ആനുപാതികമായ വിഭജനത്തിനാണ്.

യുഡിഎഫിന്‍റെ കാലത്താണ് രാഷ്ട്രീയനേട്ടത്തിനായി വാര്‍ഡുകള്‍ വിഭജിച്ചത്. അന്ന് വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു. വീട്ടിലെ കക്കൂസ് ഒരു ഭാഗത്തും വീട് മറ്റൊരു ഭാഗത്തുമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു. എന്നാല്‍ യുഡിഎഫിന് അനുകൂലമായി വാര്‍ഡുകള്‍ വിഭജിച്ചിട്ടും വിജയം എല്‍ഡിഎഫിനായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരട് തദ്ദേശ വകുപ്പ് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. അധിക സാമ്ബത്തിക ബാധ്യതയില്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നാണ് വിലയിരുത്തല്‍. 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടിയെ ബാധിക്കുമെന്നും ബില്ലില്‍ ഒപ്പിടരുതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *