വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.

കേരളപഞ്ചായത്തീരാജ് ആക്ടും മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യും. ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാകുന്നതോടെ വാര്‍ഡുകള്‍ 2011 ലെ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കും. ഇതിന്റെ ഭാഗമായി ഒരുവാര്‍ഡ് വീതം വര്‍ധിക്കും.

1749 വാര്‍ഡാണ് വര്‍ധിക്കുക. മൊത്തം വാര്‍ഡ് ഡിവിഷനുകളുടെ എണ്ണം 23,649 ആകും.വാര്‍ഡ് പുനര്‍നിര്‍ണയം തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്. അതിര്‍ത്തി പുനര്‍നിര്‍ണയത്തിനും പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ രൂപീകരണത്തിനുമായി 2018 മാര്‍ച്ചില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചിരുന്നു. രണ്ട് പ്രളയവും പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചട്ടം നിലവില്‍ വരികയും ചെയ്തതിനാല്‍ സമിതി പ്രവര്‍ത്തനം അല്‍പ്പം നീണ്ടു. തുടര്‍ന്ന്, പുതിയ പഞ്ചായത്തുകള്‍മാത്രം രൂപീകരിക്കാനുള്ള ശുപാര്‍ശ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു.
118 പഞ്ചായത്തിന്റെ പട്ടികയും കൈമാറി. സാമ്ബത്തികബാധ്യതയും സെന്‍സസ് ഡയറക്ടറുടെ കത്തും പരിഗണിച്ച് സര്‍ക്കാര്‍ ഈ തീരുമാനം ഉപേക്ഷിച്ചു.ഇതോടെയാണ് വാര്‍ഡുകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്.ഭരണഘടനയും പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി ആക്ടുകള്‍ പ്രകാരവുമാണ് അതിര്‍ത്തി പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 2001ലെയും 2011ലെയും സെന്‍സസ് പ്രകാരമാണ് തദ്ദേശഭരണവാര്‍ഡുകള്‍. ഈ ഇരട്ടരീതിയും ഇതോടെ ഒഴിവാകും.

ജില്ല,നഗരം,ടൗണ്‍ ,പഞ്ചായത്ത് അതിര്‍ത്തികളില്‍ വ്യത്യാസം വരുത്തരുതെന്നാണ് സെന്‍സസ് ഡയറക്ടറുടെ നിര്‍ദേശം. വാര്‍ഡ് വിഭജനത്തില്‍ ഈ നിര്‍ദേശം ലംഘിക്കപ്പെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *