ചട്ടം ലംഘിച്ചത് മുഖ്യമന്ത്രി; അല്ലെങ്കില്‍ തെളിയിക്കട്ടെ: ​ഗവര്‍ണര്‍

തിരുവനന്തപുരം:പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ചട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

താനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനമെന്ന് അ​ദ്ദേ​ഹം പറഞ്ഞു. ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍ ചെയ്യുന്നത്. താന്‍ നിയമമാണ് പറയുന്നത്. ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ വിരുദ്ധമാണ്. റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച്‌ മുന്നോട്ടു പോകാന്‍ അനുവാദം നല്‍കുന്ന ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണഘടനയും രാജ്യത്തെ നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പു വരുത്തലാണ് തന്റെ ദൗത്യം. അത് ഉറപ്പായും ചെയ്യും.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കുന്നത് മാറ്റിവെച്ചത് സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും അവര്‍ക്ക് നിരവധി ഭീഷണികള്‍ ലഭിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. അവര്‍ സംവാദത്തിലും ചര്‍ച്ചയിലും വിശ്വസിക്കുന്നില്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല. സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചര്‍ചകളോടും സംവാദങ്ങളോടും മുഖം തിരിക്കുകയും ചെയ്യുന്നവര്‍ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം വലുതാക്കുന്നവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *