ഗവര്‍ണര്‍ പദവി തുടരണോ എന്ന കാര്യത്തില്‍ ചര്‍ച്ച പുനരാരംഭിക്കേണ്ട സമയമായെന്നു യെച്ചൂരി

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി തുടരണോ എന്ന കാര്യത്തില്‍ ചര്‍ച്ച പുനരാരംഭിക്കേണ്ട സമയമായെന്നും പൗരത്വപ്രശ്നത്തില്‍ വീടുകയറിയുള്ള പ്രചാരണം നടത്തുമെന്നും സി.പി.എം
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വപ്രശ്നത്തില്‍ കേന്ദ്രത്തിനെതിരെ ഒറ്റയ്ക്കും കൂട്ടായും സമരം തുടരാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായുംസെന്‍സസിനെത്തുമ്പോള്‍ ജനസംഖ്യാ റജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന്  ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ മറ്റു ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്‌.
പൗരത്വനിയമഭേദഗതിയെ ന്യായീകരിക്കാന്‍ ബിജെപി രാജ്യവ്യാപകമായി വീടു കയറിയിറങ്ങുമ്ബോഴാണ് എതിര്‍പ്രചാരണത്തിന് സിപിഎം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

മാര്‍ച്ച്‌ 23 വരെ വീടുകയറിയുള്ള പ്രചാരണം നടത്തും. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാത്രമേ മറുപടി നല്‍കാവൂ എന്ന് ജനങ്ങളോട് പാര്‍ട്ടി അഭ്യര്‍ഥിക്കും. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന് മുന്നോടിയായതിനാല്‍ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ രേഖകള്‍ കാണിക്കുകയോ ചെയ്യരുത്. വിവരം നല്‍കാത്തതിന് കേസെടുക്കാന്‍ വകുപ്പില്ലെന്നും തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു.

മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ നിയമഭേദഗതി. രാജ്യത്തുള്ള എല്ലാ തടങ്കല്‍പാളയങ്ങളും അടച്ചുപൂട്ടണം. സമരങ്ങള്‍ക്ക് എതിരെ അക്രമം നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കേന്ദ്രത്തിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ കേരളത്തോട് വിവേചനം കാണിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു. കൊളോണിയല്‍ കാലത്തെ സമ്ബ്രദായത്തിന്റെ ഭാഗമായ ഗവര്‍ണര്‍ പദവി ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തുടരണോ എന്ന ചര്‍ച്ച പുനരാരംഭിക്കേണ്ട കാലമായെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ താല്‍പര്യപ്പെടുമ്ബോള്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിനുവേണ്ട റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് ഇപ്പോള്‍ ഗവര്‍ണര്‍മാരുടെ ജോലി. സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന വായിച്ചു നോക്കണമെന്നും യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *