വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം: ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധിയില്‍. തദ്ദേശസ്വയംഭരണസ്ഥാപനവാര്‍‍ഡുകള്‍ 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഉത്തരവിട്ടു കൊണ്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. ഇതു രണ്ടാം തവണയാണ് ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്നത്.

വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി എന്നാണ് സൂചന. വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓര്‍ഡിനന്‍സില്‍ ആദ്യം ഒപ്പിടാതെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ സര്‍ക്കാരിന് ഫയല്‍ മടക്കി.

എന്നാല്‍ വാര്‍ഡ് വിഭജനം സെന്‍സസ് നടപടികളെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മറുപടി നല്‍കി സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്ക് ഒപ്പിടാനായി കൈമാറി. എന്നാല്‍ ഫയല്‍ സര്‍ക്കാര്‍ രാജ്ഭവന് നല്‍കി രണ്ടാഴ്ചയായിട്ടും ഇതുവരേയും ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. ഇതു സര്‍ക്കാരിന് തിരികെ നല്‍കുകയും ചെയ്തിട്ടില്ല. ഫയലുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടാമതും ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടുകയും ചെയ്തുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *