ലോട്ടറി ടിക്കറ്റുകൾക്ക് വില കൂടും: ധനമന്ത്രി

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകൾക്ക് വില കൂടാമെന്ന് സൂചന നൽകി ധനമന്ത്രി ടി.എം.തോമസ് ഐസക്. സംസ്ഥാന ബജറ്റിനു മുന്നോടിയായി തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സാമ്പത്തിക വിദഗ്ധരുടെ ചര്‍ച്ചയിലാണ് മന്ത്രി ഇത് സൂചിപ്പിച്ചത്.
ജിഎസ്ടി കൗൺസിൽ ലോട്ടറി നികുതി 12 ശതമാനത്തിൽനിന്ന് 28% ആക്കി ഏകീകരിച്ച സാഹചര്യത്തിലാണിത്. ‘സർക്കാരിൻറെ ലാഭം കുറഞ്ഞാലും ലോട്ടറി വിൽക്കുന്നവരുടേയും സമ്മാനം നേടുന്നവരുടെയും ലാഭം കുറയാൻ പാടില്ല. അങ്ങനെ വരുമ്പോൾ ചെറിയ രീതിയിൽ വില കൂട്ടേണ്ട സാഹചര്യമാണ്’– ഐസക് പറഞ്ഞു.

നെൽവയലിൽനിന്നു കരഭൂമിയായി പരിവർത്തനം ചെയ്യപ്പെട്ട ഭൂമിയുടെ നികുതി ബജറ്റിൽ വർധിപ്പിക്കുമെന്ന സൂചനകളും ധനമന്ത്രി നൽകി. ഇപ്പോൾ ഭൂമിയുടെ ന്യായവിലയുടെ ചെറിയ ശതമാനമാണ് നികുതിയായി ഈടാക്കുന്നത്. ഭൂമി പരിവർത്തനം ചെയ്യപ്പെടുമ്പോൾ മൂല്യം കൂടുമെന്നതിനാലാണ് നികുതി വർധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നത്.

സ്കൂളുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താനും ആലോചനയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. മിക്ക എയ്ഡഡ് സ്കൂളുകളും സർക്കാരിനെ അറിയിക്കാതെയാണ് തസ്തികകൾ സൃഷ്ടിക്കുന്നത്. 30 കുട്ടികൾക്ക് 1 അധ്യാപകൻ എന്നാണ് അനുപാതം. ഒരു കുട്ടി കൂടിയാൽപോലും പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാറുണ്ട്.

കഴിഞ്ഞ നാലു വർഷത്തിനിടെ മുപ്പതിനായിരത്തോളം തസ്തികകൾ ഇങ്ങനെ സൃഷ്ടിച്ചതായാണ് പ്രാഥമിക പരിശോധനയിൽ മനസിലാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അധികമുള്ള സർക്കാർ ഉദ്യോഗസ്ഥരെ  മറ്റു വകുപ്പികളിലേക്ക് പുനർവിന്യസിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം 5 വർഷത്തിലൊരിക്കലെന്നത് അതേപോലെ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *