പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ റിട്ട് ഹ‌ര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ റിട്ട് ഹ‌ര്‍ജി സമര്‍പ്പിച്ചു.അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 132ആം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണിത്.

നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്ന 14ആം അനുച്ഛേദത്തിന്റെ ലംഘനമാണ് പൗത്വ ഭേദഗതി നിയമം, നിയമത്തിലൂടെ മുസ്ലീം ജനവിഭാഗങ്ങളോട് മതപരമായ വിവേചനം സാധ്യമാവുമെന്നും ഹ‌ര്‍ജിയില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ജനുവരി 23ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്‌. പൗത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. മുന്‍പ് പൗത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. . ഇതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു

സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വ്യക്തികള്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഏകദേശം 60 ഹര്‍ജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *