പ്രളയകാലത്തെ അരി സൗജന്യമല്ല, 206 കോടി ഉടന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കത്ത്

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ തയാറായില്ലെന്നും എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്.സി.ഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനടക്കമുള്ള കാര്യങ്ങള്‍ കേരളത്തെ തടഞ്ഞ നടപടിക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്രസഹായമായി ഒരു ലക്ഷം ടണ്‍ അരിയാണ് സംസ്ഥാനം അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചത് 89,549 ടണ്‍. കേന്ദ്രസഹായമുള്ളതിനാല്‍ അരിവില ഉയരില്ലെന്ന നേട്ടവും സംസ്ഥാനം കണ്ടിരുന്നു. ഇതിനിടെയാണ് അരിവിലയും ഗതാഗതച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്രഭക്ഷ്യവകുപ്പിന്റെ ഉത്തരവെത്തിയത്. രാജ്യത്തിനകത്തും പുറത്തുമെല്ലാം പുനര്‍നിര്‍മ്മാണത്തിന് പണം അഭ്യര്‍ത്ഥിക്കുന്ന സാഹചര്യത്തിലായിരുന്നു ഉത്തരവെത്തിയത്. കിലോയ്‌ക്ക് 25 രൂപ നിരക്കിലാണ് അരി നല്‍കിയത്. പണം പിന്നീട് നല്‍കണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കില്‍ കേന്ദ്രസഹായത്തില്‍ നിന്ന് തുക ഈടാക്കും. പ്രളയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 600 കോടിയാണ് സഹായധനമായി നല്‍കിയത്.

കഴിഞ്ഞവര്‍ഷം വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കായി കേന്ദ്രം ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *