‘വീട്ടിലെ ഊണ്’ കടയുടെ മറവില്‍ പെണ്‍വാണിഭം; ഒന്‍പതുപേര്‍ അറസ്റ്റില്‍

കൊട്ടിയം : ‘ വീട്ടിലെ ഊണ്’ കടയുടെ മറവില്‍ പെണ്‍വാണിഭം നടത്തിവന്ന സംഭവത്തില്‍ കടയുടമയും ഭാര്യയുമടക്കമുള്ള ഒന്‍പതുപേരെ കൊട്ടിയം പോലീസും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടി. കൊട്ടിയം ചെമ്ബോട്ട് ക്ഷേത്രത്തിനുസമീപം വീട് വാടകക്കെടുത്ത് പ്രവര്‍ത്തിച്ച സംഘമാണ് അറസ്റ്റിലായത് .

കടയുടമ ഇരവിപുരം സ്വദേശി അനസ് (33), വാളത്തുംഗല്‍ സ്വദേശി ഉണ്ണി (28) ആദിച്ചനല്ലൂര്‍ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിന്‍രാജ് (25), പാലക്കാട് നെന്മാറ കൈറാടി സ്വദേശി വിനു (28), തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി രാജു എന്നിവരും കടയുടമയുടെ ഭാര്യയടക്കം മൂന്നു സ്ത്രീകളെയുമാണ് പോലീസ് പിടികൂടിയത് .

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം . രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ്‌ നടത്തിയത്. പോലീസിനെ കണ്ട് രണ്ടുപേര്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.

ഇടപാടുകാര്‍ എത്തിയ മൂന്ന്‌ ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു . ഒന്നരയാഴ്ചമുന്‍പാണ് ഇവര്‍ വലിയ വാടകയ്ക്ക്‌ വീടെടുത്തത്. വീട്ടില്‍ ഊണ് എന്ന ബോര്‍ഡ്‌ സ്ഥാപിച്ച്‌ കച്ചവടവും ആരംഭിച്ചു. ഉച്ചയ്ക്ക് ഊണിന്റെ സമയത്തും അതുകഴിഞ്ഞും നിരവധിപേര്‍ ഇവിടെ സന്ദര്‍ശകരായെത്തിയതില്‍ സംശയംതോന്നിയ നാട്ടുകാര്‍ വിവരം സിറ്റി പോലീസ് കമ്മിഷണറെ അറിയിക്കുകയായിരുന്നു.

കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഷാഡോ പോലീസ് നടത്തിയ നിരീക്ഷണത്തില്‍ കടയുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നതായി വിവരം ലഭിച്ചു . തുടര്‍ന്ന് കൊട്ടിയം പോലീസും ഷാഡോ പോലീസും ചേര്‍ന്ന് കട റെയ്ഡ് ചെയ്താണ്‌ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *