നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി.

പത്താം പ്രതി വിഷ്ണുവിന്റെ വിടുതൽ ഹർജിയും കോടതി തള്ളി. പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നുകാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍,​ ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ദിലീപീനെതിരെ ശക്തമായ തെളിവുകളുണ്ട്, ബലാത്സംഗം നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യമാണ് ദിലീപ് ചയ്തത്, ഇതിനു പണം കൈമാറിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നീ വാദങ്ങള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

ദിലീപിന് വിടുതൽ നൽകരുതെന്നും വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ദിലീപ് സമർപ്പിച്ച ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂർത്തിയാക്കിയത്. പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേ ടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Leave a Reply

Your email address will not be published. Required fields are marked *