ശബരിമല നട നാളെ തുറക്കാനിരിക്കേ പൊലീസ് പന്പയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ പന്പയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി പൊലീസ്.

നാളെ രാവിലെയോടെ പമ്പ, നിലയ്ക്കല്‍,എരുമേലി എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും നിലയ്ക്കലിലും മറ്റും ഒരു വിഭാഗം ഭക്തര്‍ വാഹനങ്ങള്‍ തടയുകയും പരിശോധന നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ന് വൈകിട്ടോടെ തന്നെ പന്പയിലും നിലയ്ക്കലിലും എരുമേലിയിലും വന്‍തോതില്‍ പൊലീസിനെ വിന്യസിക്കും.

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നത് അടക്കമുള്ള സമരമുറകളിലേക്ക് നീങ്ങിയതോടെ പൊലീസ് ആസ്ഥാനത്തെ എഡിജിപി അനില്‍ കാന്തിനോട് ഉടന്‍ നിലയ്ക്കലിലേക്ക് പോകാന്‍ ഡിജിപി നിര്‍ദേശിച്ചു. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം നിലയ്ക്കലില്‍ എത്തും.

ശബരിമലയിലേക്ക് വരുന്ന  തീർത്ഥാടകർക്കും കെ എസ് ആർ ടി സി ബസുകൾക്കും പൂർണ സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും ഇന്ന് വൈകുന്നേരത്തോടെ ശക്തമായ രീതിയില്‍ പൊലീസ് വിന്യാസം പൂര്‍ത്തിയാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

നാളെ രാവിലെയോടെ നിലയ്ക്കലിലും പമ്പയിലും വനിതാ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒരു വിഭാഗം ഭക്തര്‍  നിലയ്ക്കലില്‍  ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കി വിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് കന്പനി വനിതാ ബറ്റാലിയനെ അവിടെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വനിതാ പൊലീസുകാരും നിലയ്ക്കലില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *