ശബരിമല: ചര്‍ച്ച പരാജയം

തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ച പരാജയം. നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ പുനപരിശോധന ഹര്‍രജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരം പ്രതിനിധി തന്ത്രികുടുംബാംഗം, അയ്യപ്പസേവാസംഘം പ്രതിനിധി എന്നിവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി ഉത്തരവിനെതിരെ പുനപരിശോധന ഹര്‍രജി നടത്തണമെന്നുള്ള ഇവരുടെ ആവശ്യം ദേവസ്വംബോര്‍ഡ് അംഗീകരിച്ചില്ല. തുടര്‍ന്ന് ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു.

1991 ല്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ പുറപ്പെടുവിച്ച വിധിന്യായം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്ന വാദം ദേവസ്വംബോര്‍ഡ് തള്ളി. ബോര്‍ഡിന്റെ നിലപാട് ദുഖകരമാണെന്നും ഉന്നയിച്ച ഒരാവശ്യവും ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ലെന്നും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ സമരം ചെയ്യുന്ന സംഘടനകള്‍ ഒപ്പം നില്‍ക്കണമെന്നും എ. പദ്മകുമാര്‍ പറഞ്ഞു. പുനപരിശോധന ഹര്‍ജിയെക്കുറിച്ചുള്ള തീരുമാനം 19 ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും പന്തളം കുടുംബവും തന്ത്രി കുടുംബവും ഇതിന് തയ്യാറായില്ലെന്നും ഇതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നും എ.പദ്മകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *