കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോൾ 8000പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് ഉള്ളത്. റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്.

കൊലപാതകം,ഗൂഢാലോചന,വ്യാജ രേഖ ചമയ്ക്കൽ,തെളിവ് നശിപ്പിക്കുക,വിഷം കൈയ്യിൽ വെയ്ക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുണ്ട്. 246 സാക്ഷികളാണുള്ളത്, കേസിൽ മാപ്പ് സാക്ഷികളില്ല.ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

വളരെ സംതൃപ്തിയോടെയാണ് കൂടത്തായി റോയ് തോമസ് വധക്കേസിലെ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് വടകര റൂറല്‍ എസ്‍പി കെ ജി സൈമണ്‍ പറഞ്ഞു. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയെന്നും ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്നും എസ് പി കെ ജി സൈമണ്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *