ജാഗി ജോണിന്റെ മരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം:  അവതാരകയും മോഡലും പാചകവിദഗ്ധയുമായ ജാഗി ജോണിന്റെ (45) മരണം വീഴ്ചയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അടുക്കളയിലെ തറയുടെ വക്കിലാണു തലയുടെ പിൻഭാഗം ഇടിച്ചത്. പുറമേ രക്തപ്പാടുകൾ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മരണമെന്നാണു ഡോക്ടർമാരുടെ നിഗമനം. ജാഗി സ്വയം വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നു കണ്ടെത്തേണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു. ശരീരത്തിൽ മറ്റു മുറിവുകളോ പാടുകളോ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയില്ല. ആന്തരികാവയവ പരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും 2 ആഴ്ച കഴിഞ്ഞേ കിട്ടൂവെന്നു കന്റോൺമെന്റ് എസി ഷീൻ തറയിൽ അറിയിച്ചു.

തിരുവനന്തപുരം കവടിയാറിനു സമീപം കുറവൻകോണം ഹിൽഗാർഡനിലെ വീട്ടിൽ വയോധികയായ അമ്മയ്ക്കൊപ്പമാണു ജാഗി താമസിച്ചിരുന്നത്. ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ അടുക്കളയിൽ മരിച്ചു കിടക്കുന്നതായി തിങ്കളാഴ്ച വൈകിട്ടാണു പൊലീസ് കണ്ടെത്തിയത്. തലേന്ന് അപകടം പറ്റിയിരിക്കാമെന്നാണു കരുതുന്നത്. ചാനലുകളിലും യുട്യൂബിലും പാചക പരിപാടികൾ അവതരിപ്പിച്ചിരുന്ന ജാഗി ഇതു ചിത്രീകരിക്കാൻ സജ്ജമാക്കിയിരുന്ന അടുക്കളയിലാണു മരിച്ചു കിടന്നിരുന്നത്. പാചകത്തിനായി ഉള്ളി അരിഞ്ഞു വച്ചിരുന്നു. 2 മാസമായി വീട്ടിൽ സഹായികളാരും ഇല്ലായിരുന്നെന്നും പൊലീസ് അറിയിച്ചു. ഫൊറൻസിക് ലാബ്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി വീണ്ടും വിശദപരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *