യുപിയിൽ വെടിവെയ്പ്പ് നടത്തിയിട്ടില്ലെന്ന പൊലീസിന്റെ വാദം പൊളിയുന്നു; ദൃശ്യങ്ങള്‍ പുറത്ത്

കാണ്‍പൂര്‍: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ നേരിടാന്‍ വെടിവയ്പ്പ് നടത്തിയിട്ടില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദത്തെ പൊളിച്ച് വെടിവയ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധം ശക്തമായ കാണ്‍പൂരിലടക്കം പൊലീസുകാര്‍ വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഒരൊറ്റ ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന് യുപി പൊലീസ് ഡിജിപി ഒപി സിംഗ് ആവര്‍ത്തിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നത്.

പ്രതിഷേധക്കാരാണ് നാടന്‍തോക്കുകളുമായി വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാല്‍ പൊലീസുകാര്‍ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലായിട്ടുണ്ട്. യുപിയിലെ പ്രതിഷേധങ്ങിൽ ഇതുവരെ 18 പേരാണ് മരിച്ചത്. രാംപൂരിൽ ഇന്നലെ നടന്ന സംഘർഷത്തിലും ഒരാൾ മരിച്ചിരുന്നു.

മീററ്റിലും ബിജ്‌നോറിലും ഉന്നതഉഗ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേർക്ക് നോട്ടീസ് നല്‍കി. നൂറ്റമ്പതിലധികം പേർ അറസ്റ്റിലാകുകയും ചെയ്തു. മൂന്നൂറോളം പേർ കരുതൽ കസ്റ്റഡിയിലാണ്. ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്ദ് തുടർന്നു കൊണ്ടിരിക്കുന്നതിനിടെ പലയിടത്തും ടയറുകൾ കത്തിച്ച് റോഡ് തടഞ്ഞു. ട്രെയിൻ സർവ്വീസുകളെയും ബന്ദ് ബാധിച്ചു. ഭാഗൽപൂരിൽ ബന്തിനിടെ വ്യാപക അക്രമം നടന്നു. മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞയുണ്ട്.

ഗുജറാത്തിലെ രാജ്കോട്ടിലും അഹമ്മദാബാദിലും ജാഗ്രത തുടരുന്നു. അതേസമയം,​ ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെത്തിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *