പൊലീസ് പാസ്പോർട് പരിശോധന സ്വകാര്യ സ്ഥാപനത്തിനു നൽകില്ല; ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കേരള പൊലീസിന്റെ പാസ്പോർട് പരിശോധനാ സംവിധാനം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു കീഴിലുള്ള സ്വകാര്യ സ്ഥാപനത്തിനു  കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഇതിനുള്ള പ്രാരംഭ തുകയായി 35 ലക്ഷം രൂപ അനുവദിക്കുന്നതും തടഞ്ഞിട്ടുണ്ട്.

ഇത് വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറുന്നതാണെന്നു കാണിച്ച് കെപിസിസി ഭാരവാഹി ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. സർക്കാരിനോട് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് കൈകാര്യം ചെയ്യുന്ന ക്രൈം ആൻ‍ഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‍വർക്ക് സിസ്റ്റത്തിലെ രഹസ്യ വിവരങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് നൽകുന്നതു പ്രത്യാഘാതമുണ്ടാക്കുമെന്നും ദുരുദ്ദേശത്തോടെയുള്ള ഉത്തരവാണ് ഇതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. രാഷ്ട്രീയ പാർട്ടിയുടെ നിയന്ത്രണത്തിലുള്ളതാണ് സൊസൈറ്റി, സൊസൈറ്റിയെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമല്ലെന്നും ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് ഇതിന്റെ വിവരങ്ങൾ സൊസൈറ്റിക്കു കൈമാറുന്നതിന് നിർദേശിച്ചുകൊണ്ട് ഡിജിപി ഉത്തരവിട്ടത്. തുടർന്ന് നവംബറിലും തുടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *