വസന്തോത്സവം ഡിസംബര്‍ 21 മുതല്‍ ജനുവരി മൂന്നുവരെ

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെയും ജില്ലാ ഡി.ടി.പി.സി.യുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം ഡിസംബര്‍ 21 മുതല്‍ 2020 ജനുവരി മൂന്നുവരെ നടക്കും.

കനകക്കുന്നിലും സൂര്യകാന്തിയിലുമായി നടത്തുന്ന വസസന്തോത്സവത്തില്‍ പുഷ്പമേളയ്ക്കുപുറമെ, കാര്‍ഷിക പ്രദര്‍ശനമേള, ഔഷധസസ്യപ്രദര്‍ശനം, ഉല്പ്പന്ന വിപണനമേള, ഗോത്ര പാരമ്പര്യ പ്രകൃതി ചികിത്സാ ക്യാംപ്, ഗോത്ര ഭക്ഷ്യമേള എന്നിവ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സെക്രട്ടേറിയറ്റ്, മ്യൂസിയം, മൃഗശാല, അഗ്രിക്കള്‍ച്ചറല്‍ കോളഡ് ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വന ഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കിത്താര്‍ഡ്‌സ്, വിക്രംസാരാഭായ് സ്‌പേസ് സെന്റര്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള സര്‍വ്വകലാശാല, പൂജപ്പുര ആയുര്‍വേദ ഗവേഷണ കേന്ദ്രം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്‌സറികളും വസന്തോത്സവത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ നിന്ന് 20000 ചെടികള്‍ പ്രദര്‍ശനത്തിനെത്തും.സബര്‍മതി ആശ്രമത്തിന്റെയും ജായു പാര്‍ക്കിന്റെയും മാതൃകയിലുള്ള പൂഷ്പാലംകൃത രൂപങ്ങളായിരിക്കും ഇത്തവണത്തെ വസന്തോത്സവത്തിന്റെ ആകര്‍ഷണം. സ്റ്റാല്‍ മേഖലയിലുള്ള മരത്തില്‍ ഏറുമാടവും മറ്റൊരു മരത്തിന്റെ ചുവട്ടില്‍ ആദിവാസി കുടിലും ഒരുക്കുന്നുണ്ട്. വെള്ളച്ചാട്ടം, ഗുഹ, കുളം, തടിപ്പാലം എന്നിവയ്ക്കു പുറമെ വിവിധ വന്യമൃഗങ്ങളുടെ രൂപവും മരത്തിന്റെ മാതൃകകളും സജ്ജമാക്കും. ഗോത്രസമുദായത്തില്‍ നിലനില്‍ക്കുന്ന വംശീയ ചികിത്സാരീതികളുടെ പ്രാധാന്യം അറിയിക്കുന്നതിനായി ഗോത്ര-പാമ്പര്യ-വൈദ്യ ചികിത്സാ ക്യാംപും സംഘടിപ്പിക്കും.
പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കുട്ടികള്‍ക്കുള്ള പുഷ്പറാണി, പുഷ്പരാജ് മത്സരം ഉണ്ടായിരിക്കും. അലങ്കാര സസ്യങ്ങള്‍, ഉദ്യാന വിന്യാസം, ആന്തൂറിയം, ഓര്‍ക്കിടുകള്‍ എന്നിവയുടെ പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും. വസന്തോസവത്തിന്റെ പ്രവേശന ടിക്കറ്റ് ഫീ മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമായിരിക്കും. സ്‌കൂളുകള്‍ക്കായി പ്രത്യേക പാക്കേജും ഉണ്ടായിരിക്കും. 25 കുട്ടികളും രണ്ട് അധ്യാപകര്‍ക്കുമായി 500 രൂപയാണ് പാക്കേജ് ഫീസ്. വസന്തോത്സവം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് , ഡയറക്ടര്‍ പി.ബാലകിരണ്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *