സൂര്യഗ്രഹണ സമയത്ത് ശബരിമല നട അടച്ചിടും

ശബരിമല: 26ന് സൂര്യഗ്രഹണ സമയത്ത് ശബരിമല നട രാവിലെ 7.30 മുതൽ 11.30 വരെ അടച്ചിടും. അന്ന് പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതൽ 6.45 വരെ നെയ്യഭിഷേകം. ഉഷപൂജ കഴിച്ച് 7.30 ന് നട അടയ്ക്കും. രാവിലെ 8.06 മുതൽ 11.13വരെയാണ് സൂര്യഗ്രഹണം.

ഗ്രഹണം കഴിഞ്ഞ് നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. തുടർന്ന് ഒരു മണിക്കൂർ സമയം അയ്യപ്പന് നെയ്യഭിഷേകം. കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതു കഴിഞ്ഞ് നട അടയ്ക്കും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും.

അന്നു വൈകിട്ട് ശ്രീകോവിൽ അഞ്ചു മണിക്കാവും തുറക്കുക. തങ്ക അങ്കി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവർ അഞ്ചരയോടെ നടയിൽ എത്തി ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം നൽകി ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25ന് പതിനെട്ടാംപടി കയറി കൊണ്ടുവരുന്ന തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന്‌ തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും.

Leave a Reply

Your email address will not be published. Required fields are marked *