ഹർത്താലിനിടെ പാലക്കാട്ടും തിരൂരും സംഘർഷം ; 45 പേർ വിവിധയിടങ്ങളിൽ കസ്റ്റഡിയിലായി

മലപ്പുറം: ഹർത്താലിനിടെ പാലക്കാട്ടും തിരൂരും സംഘർഷം. വാഹനങ്ങള്‍ തടയാൻ ഹർത്താൽ അനുകൂലികൾ ശ്രമിച്ചതിനെത്തുടർന്ന് പൊലീസ് ലാത്തി വീശി. കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പ്രകടനം നടത്തിയവർ ട്രാഫിക് ഡിവൈ‍ഡറുകൾ മറിച്ചിട്ടു.

മലപ്പുറം തിരൂരിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ തടയാൻ ശ്രമിച്ചതിന് 45 പേർ വിവിധയിടങ്ങളിൽ കസ്റ്റഡിയിലായിട്ടുണ്ട്. പാലക്കാട് വാളയാറിൽ തമിഴ്നാട് ബസിനു നേരെ കല്ലേറ്. കഞ്ചിക്കോട് കൊയ്യാമരക്കാട് ദേശീയപാത മേൽപാലത്തിൽ വച്ചാണ് ബസിനു നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവർ എതിർവശത്തെ റോഡിൽ നിന്നു കല്ലെറിയുകയായിരുന്നു. ആർക്കും പരിക്കില്ല. പാലക്കാട് കെഎസ്ആർടിസി ബസ് തടയാനെത്തിയ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്ത് യാത്രക്കാർ തീരെ കുറവുള്ള റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല. പേരൂർക്കടയിൽ ബസിന് നേരെ കല്ലേറ്.

പാലോടും ബസുകൾ തടയുന്നു. മലപ്പുറത്തെ കെഎസ്ആർടിസി ‍ഡിപ്പോയിൽ ഹർത്താൽ അനുകൂലികള്‍‌ പ്രതിഷേധിച്ചു. ബസുകൾ സർവീസ് നടത്തുന്നില്ല. ആലുവ കുട്ടമശേരിയിൽ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളിയിൽ ഹർത്താൽ അനുകൂലികൾ 108 ആംബുലൻസ് തകർത്തു. മണ്ണാർക്കാട് വാഹനം തടയാൻ ശ്രമിച്ച നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ. വാഹനങ്ങൾ തടയാനോ കടകൾ അടപ്പിക്കാനോ സമ്മതിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *