അഞ്ചല്‍ പൊലീസിനെതിരെ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധം

കൊല്ലം: അഞ്ചല്‍ പൊലീസിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. വീട്ടിലെ പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധം നടത്തുകയാണ് കുട്ടിനാട് കുറവന്തേരി പ്രദേശത്തെ അമ്മമാര്‍. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വീട്ടിലെത്തി വാതിലില്‍ തട്ടി വിളിച്ച്‌ പൊലീസ് ശല്യപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാരണമെന്താണെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

അമ്പലവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിന് ശേഷമാണ് പൊലീസ് വീടുകളില്‍ കയറി അക്രമം നടത്താന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസുകാര്‍ നിരന്തരമായി വീട്ടില്‍ കയറി ഉപദ്രവിക്കാറുണ്ടെന്നും അസഭ്യം പറയാറുണ്ടെന്നും ഇവര്‍ പറയുന്നു. കരുകോണ്‍ കുട്ടിനാട് പട്ടിക ജാതി കോളനിയിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയത്.കുട്ടിനാട് ക്ഷേത്രത്തിനു സമീപം തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് എതിരെ ഒരു സംഘം അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നു.

ഇത് ചോദ്യം ചെയ്ത കോളനി നിവാസിയായ പുരുഷോത്തമന്‍ എന്ന ക്ഷേത്ര ജീവനക്കാരനെ ഈ സംഘം ആക്രമിച്ചു.രാത്രി ക്ഷേത്രം അടച്ചു പോകും വഴിയായിരുന്നു ആക്രമണം. പിടിച്ചു മാറ്റാന്‍ ചെന്ന കോളനി നിവാസികളേയും സംഘം മര്‍ദ്ദിച്ചിരുന്നു. സംഭവത്തിനെതിരെ പരാതി നല്‍കിയെങ്കിലും സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയാണ് പൊലീസ്.ഇതില്‍ പ്രതിഷേധിച്ചാണ് ഉപരോധവുമായി സ്ത്രീകള്‍ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *