ബലാത്സംഗം: ബിജെപി എംഎൽഎയ്ക്കെതിരെ ഡോക്ടർ

ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ വനിതാ ഡോക്ടര്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ബിജെപി എംഎല്‍എ ഗോരുക് കോര്‍ഡുങ് ഒക്ടോബര്‍ 12ന് ഹോട്ടലില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഒൗദ്യോഗിക ചര്‍ച്ചയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു പീഡനം.

ജനുവരിയിൽ ഹൈക്കോടതി  കേസ് പരിഗണിക്കാനിരിക്കെ തന്നെയും ഭർത്താവിനെയും എംഎൽഎ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ പൊലീസും എംഎല്‍എയും പരമാവധി ശ്രമിച്ചുവെന്നും ഇരയായ ഡോക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തന്റെ ജീവനു ഭീഷണിയുണ്ട്. അതിനാലാണ് മാധ്യമങ്ങൾക്കു മുന്നിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കുന്നത്. ബിജെപി ഭരിക്കുന്ന അരുണാചൽ പ്രദേശിൽ നീതി ലഭിക്കാത്തതിനാലാണ് ഡൽഹിയിൽ വന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും യുവതി പറഞ്ഞു.

അരുണാചൽ പ്രദേശിലെ ബാമങ് മണ്ഡലത്തിലെ എംഎൽഎയായ ഗോരുക് കോര്‍ഡുങ് ഒക്ടോബർ 12 നാണ് യുവതിയെ ഇറ്റാനഗറിലുള്ള ഹോട്ടലിൽ വിളിച്ചുവരുത്തിയത് . എംഎൽഎയുടെ മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറാണ് യുവതി. ആരോഗ്യ കേന്ദ്രവുമായ ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ചർച്ച നടത്തണമെന്നാവശ്യപ്പെട്ടാണ് എംഎൽഎ ഡോക്ടറെ വിളിച്ചുവരുത്തിയത്. ഹോട്ടലിൽ എത്തിയപ്പോൾ ആരെയും കാണാത്തതിനാൽ തിരികെപോകാൻ നോക്കിയെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.

ഇറ്റാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പരാതി റജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് യുവതി പറഞ്ഞു. മെഡിക്കൽ ടെസ്റ്റ് നടത്തിയാൽ മാത്രമേ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ ടെസ്റ്റുമായി വന്നപ്പോഴും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായില്ല. അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെയും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെയും അടുത്തയാളാണ് എംഎൽഎ ഗോരുക് കോര്‍ഡുങ്.

വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് പൊലീസ് എഫ്ഐആർ റജ്സ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് എംഎൽഎയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് എംഎൽഎയ്ക്ക് ജാമ്യവും ലഭിച്ചു. ഇപ്പോൾ കേസുമായി യുവതിയും കുടുംബാഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം യുവതി തന്നെ മനപ്പൂർവം അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് എംഎൽഎയും പരാതി നൽകിയിട്ടുണ്ട്. ഡോക്ടറുടെ സമ്മതത്തോടെയാണ് ഹൊട്ടലിലേക്കു വന്നതെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും പരാതിയിൽ എംഎൽഎ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *