രാജ്യാന്തര ചലച്ചിത്ര മേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന്  സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.നടിശാരദയാണ് വിശിഷ്ടാതിഥി.തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.

സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നല്‍കുകയും അതിന്റെ രാഷ്ട്രീയം അവഗണിക്കുകയും ചെയ്യുന്ന ലോകത്തിലെ വന്‍കിട ചലച്ചിത്രമേളകളില്‍ നിന്ന് ഐ.എഫ്.എഫ്.കെയെ വ്യത്യസ്തമാക്കുന്നത് അതിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് മന്ത്രി പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രോ-ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ മാത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ നിലപാടിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മേളയില്‍ അധിനിവേശത്തിനെതിരെ  സിനിമ സമരായുധമാക്കിയ സോളാനസിന്റെ ഡോക്യുമെന്ററി ഉള്‍പ്പടെ അഞ്ച്  ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ, ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് അന്താരാഷ്ട്ര  മല്‍സര വിഭാഗത്തിലെ  ജൂറി അംഗങ്ങള്‍.
ഇസ്രായേലി ചലച്ചിത്രനിരൂപകന്‍ നച്ചും മോഷിയ, ഇന്ത്യന്‍  ചലച്ചിത്ര നിരൂപകന്‍ സിലാദിത്യാസെന്‍, ബംഗ്ളാദേശി തിരക്കഥാകൃത്ത് സാദിയ ഖാലിദ് എന്നിവരാണ് ഫിപ്രസ്കി ജൂറി അംഗങ്ങള്‍. ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസ്കി നല്‍കുന്ന രണ്ട് അവാര്‍ഡുകള്‍ ഈ ജൂറി നിര്‍ണയിക്കും.

അടുത്തവർഷം മേളയുടെ രജത ജൂബിലി  ആഘോഷങ്ങള്‍ വിപുലമായ ഒരു സാംസ്‌കാരിക ഉത്സവമാക്കിമാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.ഇത്തവണ മലയാള സിനിമയ്ക്ക് അന്താരാഷ്ര്ടതലത്തില്‍ പ്രദര്‍ശന,വിപണന സൗകര്യമൊരുക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ഫിലിം മാര്‍ക്കറ്റില്‍ ദേശീയ,അന്തര്‍ ദേശീയതലങ്ങളില്‍ സേവനം നടത്തുന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും സെയില്‍സ് ഏജന്‍സികളും പങ്കെടുക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ , വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ ,സെക്രട്ടറി മഹേഷ് പഞ്ചു ,എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍ തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *