ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കലിനെ കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ല: അമിത് ഷാ

ന്യൂഡൽഹി: കേരളത്തിൽ കമ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയത് 120 ബിജെപി–ആർഎസ്എസ് പ്രവർത്തകരെയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനിടെ, ബിജെപി രാഷ്ട്രീയമായി പ്രതികാരം ചെയ്യുകയാണെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘കേന്ദ്ര സർക്കാർ രാഷ്ട്രീയ പ്രതികാരമാണു നടപ്പാക്കുന്നതെന്നാണ് ഇടത് ആക്ഷേപം. ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കലിനെ കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ല. കേരളത്തിൽ 120ൽ അധികം ബിജെപി–ആർഎസ്എസ് പ്രവർത്തകരാണ് നിങ്ങളുടെ രാഷ്ട്രീയ പകപോക്കലിൽ കൊല്ലപ്പെട്ടത്. അതിന്റെ അന്വേഷണം പോലും എവിടെയുമെത്തിയിട്ടില്ല’– ഷാ പറഞ്ഞു. രാഷ്ട്രീയ വൈരത്തിന് ഇരയായി ഒട്ടേറെ ഇടതു പ്രവർത്തകരാണു കൊല്ലപ്പെട്ടതെന്ന് ആരോപണം ഉയർന്നപ്പോൾ അത് കോൺഗ്രസും ഇടതുപക്ഷവും ഭരിക്കുമ്പോഴാണെന്നും എപ്പോഴും കൊല്ലപ്പെടുന്നത് ബിജെപി പ്രവർത്തകരാണെന്നും അമിത് ഷാ തിരിച്ചടിച്ചു.

പ്രധാനമന്ത്രിക്കും ചുരുങ്ങിയ സമയത്തേക്ക് മുൻ പ്രധാനമന്ത്രിമാർക്കും മാത്രം എസ്‌പിജി സുരക്ഷ നിജപ്പെടുത്തുന്ന ബിൽ പാർലമെന്റ് പാസാക്കി. നെഹ്റു– ഗാന്ധി കുടുംബത്തിലെ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിച്ചതിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തിയത്. എന്നാൽ സർക്കാരിന് ഗാന്ധി കുടുംബത്തിന്റെ സുരക്ഷയിൽ മാത്രമല്ല 130 കോടി ഇന്ത്യക്കാരുടെ സുരക്ഷയിലും ഉൽകണ്ഠയുണ്ടെന്ന് അമിത് ഷാ മറുപടി നല്‍കി.

‘നെഹ്റു–ഗാന്ധി കുടുംബത്തെ മാത്രം ലക്ഷ്യമിട്ട് നാല് ഭേദഗതികളാണ് യുപിഎ ഭരണകാലത്തു വരുത്തിയത്. അപ്പോഴൊന്നും ഒരു ചർച്ച പോലും നടന്നിട്ടില്ല. അധികാര ചിഹ്നമായി എസ്‌പിജി സുരക്ഷയെ മാറ്റാനാകില്ല’– അമിത് ഷാ പറഞ്ഞു. ബിൽ ഭേദഗതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സിപിഐ, ഡിഎംകെ അംഗങ്ങളിൽ ചിലരും ഇറങ്ങിപ്പോയിരുന്നു.

ഇതിനിടെ ശബ്ദവോട്ടോടെ രാജ്യസഭ ഭേദഗതി ബിൽ പാസാക്കി. പ്രധാനമന്ത്രിക്കും അദ്ദേഹത്തോടൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന കുടുംബാഗങ്ങൾക്കും  മാത്രം എസ്പിജി സുരക്ഷ മതിയെന്ന് നിർദേശിക്കുന്ന ഭേദഗതി നവംബർ 27ന് ലോക്സഭയും പാസാക്കിയിരുന്നു. മുൻ പ്രധാനമന്ത്രിമാർക്കും അദ്ദേഹത്തിന്റെ വസതിയിൽ ഒപ്പം താമസിക്കുന്നവർക്കും അഞ്ചു വർഷം വരെ മാത്രം എസ്പിജി സുരക്ഷ നൽകണമെന്ന നിർദേശവും ബില്ലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *