മുക്കുപണ്ടം വെച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തി: അഞ്ചുപേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച്‌ അരകോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേരെ പൊലീസ് പിടികൂടി. തമിഴ് നാട് ഡിണ്ടികല്‍ ചിന്നാനപ്പെട്ടി സ്വദേശി പാണ്ടി സെല്‍വന്‍, തമിഴ് നാട് ഡിണ്ടികല്‍ ബേഗംപൂര്‍ സഹായമാത പുരം സ്വദേശി പ്രേംകുമാര്‍, വിളപ്പില്‍ശാല കാരോട് വിളയില്‍ ദേവീക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഭരത് കുമാര്‍, കൊല്ലകോണം എസ്‌എന്‍ഡിപി ഹാളിന് സമീപം ഷീബ ഭവനില്‍ ഷാജിജേക്കബ്, പുളിയറക്കോണം ചന്തവിള വീട്ടില്‍ രമേശ് കുമാര്‍, എന്നിവരാണ് പിടിയിലായത്.

ഭരത്തിന്റെ ഭാര്യയും ഈ കേസില്‍ പ്രതിയാണ്. ഇവര്‍ക്കെല്ലാം സ്വര്‍ണ്ണം ലഭിച്ചത് ഭരത്തിന്റെ ബന്ധുവായ തമിഴ്നാട് സ്വദേശി സെല്‍വനില്‍ നിന്നാണെന്ന ഭരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തേനിയില്‍ എത്തി സെല്‍വനെയും ഡ്രൈവര്‍ പ്രേം കുമാറിനെയും കസ്റ്റഡിയില്‍ എടുത്തത്.സെല്‍വന്റെ ഭാര്യയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സമാന കേസില്‍ തമിഴ്നാട് ജയിലിലാണ് ഇവര്‍. ഇവരെ പൊലീസ് അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങും.

രാമചന്ദ്രന്‍ എന്നയാളാണ് ഇവര്‍ക്ക് വ്യാജ സ്വര്‍ണ്ണ ഉരുപ്പടികള്‍ നിര്‍മ്മിച്ചു നല്‍കുന്നതെന്നാണ് വിവരം. ഇയാളെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. തേനിയില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രേംകുമാര്‍ സമാനമായ രീതിയില്‍ പൂജപ്പുര കാനറാബാങ്ക്, എസ് ബി ഐ, യൂണിയന്‍ ബാങ്ക്, സെട്രല്‍ ബാങ്ക്, ഐ ഒ ബി, യൂക്കോ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവിടങ്ങളിലും, കരമന, ഓവര്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലെ സിന്‍ഡിക്കേറ്റ് ബാങ്ക്, കഴക്കൂട്ടം സിന്‍ഡിക്കേറ്റ് ബാങ്ക്, ആലുവ ഫ്രഡറല്‍ ബാങ്ക്, എന്നിവിടങ്ങളില്‍ ഉള്‍പ്പടെ 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സ്വര്‍ണ്ണം പണയം വക്കാനായി തമിഴ്നാട്ടില്‍ നിന്നും ഉമ, ശെല്‍വന്‍, ഇവരുടെ ഡ്രൈവര്‍ പ്രേംകുമാര്‍ എന്നിവര്‍ മലയിന്‍കീഴ് എത്തുകയും ഭരത്തിന്റെ നേതൃത്വത്തില്‍ ബാങ്കില്‍ പണയം വയ്ക്കുകയുമായിരുന്നു. പണയം വയ്ക്കുന്നതിന് ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം രൂപ വരെ ഇവര്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *