ജാർഖണ്ഡ് തിരഞ്ഞെടുപ്പ് :64.12% പോളിങ്

റാഞ്ചി: ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 64.12 ശതമാനം പോളിങ്‌ രേഖപ്പെടുത്തി.  ആകെയുള്ള 81 മണ്ഡലങ്ങളിൽ 13 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.  18,01,356 വനിതാ വോട്ടർമാരും അഞ്ച് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 37,83,055 വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ഗുംലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ഛംത്രയിലാണ് (56.59%). 2014ൽ 13 മണ്ഡലങ്ങളിലും 63.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2009ൽ 55.95 ശതമാനമായിരുന്നു പോളിങ്.

ഒരു മന്ത്രിയും എട്ടു സിറ്റിങ് എംഎൽഎമാരും ഉൾപ്പടെ 189 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് ഡിസംബർ 20ന് അവസാനിക്കും. ഡിസംബർ 23 നാണ് വോട്ടെണ്ണൽ.

13 മണ്ഡലങ്ങളിലും സമാധാനപൂർണമായാണ്  തിരഞ്ഞെടുപ്പ് നടന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദാൽടോൺഗഞ്ജിൽ കോൺഗ്രസ്–ബിജെപി പ്രവർത്തകർ തമ്മിൽ നടന്ന സംഘട്ടനവും മാവോയിസ്റ്റുകൾ ഗുംലയിൽ ഒരു പാലം തകർത്തതും ഒഴികെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. മാവോയിസ്റ്റു സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കനത്ത സുരക്ഷയാണ് ബൂത്തുകളിൽ ഒരുക്കിയിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *