അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം

ന്യൂഡൽഹി : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ അക്കിത്തം അച്യുതൻ നമ്പൂതിരി.

വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. ചെറുകഥകളും ലേഖനങ്ങളും നാടകവും വിവർത്തനങ്ങളുമടക്കം മലയാളത്തിലെ എണ്ണം പറഞ്ഞ രചനകളുടെ സ്രഷ്ടാവായ അദ്ദേഹത്തിന് 2008-ൽ  എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2017 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ, വള്ളത്തോൾ സമ്മാനം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങിയ ശ്രദ്ധേയ പുരസ്‌കാരങ്ങളും നേടി.

1926 മാർച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. പിന്നീട്  ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. കുമരനെല്ലൂർ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. പഠനം തുടരാനായില്ല. ചിത്രകല, സംഗീതം, ജ്യോതിഷം എന്നിവയിലായിരുന്നു ആദ്യം താൽപര്യം.

എട്ടാം വയസ്സു മുതൽ കവിത എഴുതിത്തുടങ്ങി. ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോൻ തുടങ്ങിയ വലിയ പ്രതിഭകൾക്കൊപ്പം പൊന്നാനിക്കളരിയിൽ അംഗമായത് അക്കിത്തത്തിലെ കവിയെ ഉണർത്തി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. ഉണ്ണി നമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയിൽ പത്രപ്രവർത്തകനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. ലോകപ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദർശനം, കുതിർന്ന മണ്ണ്, ധർമ സൂര്യൻ, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങൾ, കാക്കപ്പുള്ളികൾ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവർത്തനം (ലേഖനസമാഹാരം)  തുടങ്ങിയവയാണ് പ്രധാന കൃതികൾ.‌

Leave a Reply

Your email address will not be published. Required fields are marked *