ശബരിമലയിൽ പറഞ്ഞവാക്ക് സർക്കാർ പാലിച്ചില്ലെങ്കിൽ ഭക്തജനങ്ങൾക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമലയിൽ പറഞ്ഞവാക്ക് സർക്കാർ പാലിച്ചില്ലെങ്കിൽ ഭക്തജനങ്ങൾക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമല ദർശനത്തിനായി തൃപ്‌തി ദേശായി അടക്കമുള്ള സംഘം കേരളത്തിലെത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു കുമ്മനം. ഭക്തജന താൽപര്യം സംരക്ഷിക്കാൻ ദേവസ്വം ബോർഡും സർക്കാരും ശക്തമായ നടപടി സ്വീകരിക്കണം. സർക്കാർ അതിന് തയ്യാറായില്ലെങ്കിൽ ഭക്തജനങ്ങൾ എന്തെങ്കിലും വഴി തേടുമെന്ന് കുമ്മനം പറഞ്ഞു.

‘ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തേണ്ടത് അവരുടെ ആവശ്യമാണ്. വിശ്വാസങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ക്ഷേത്രങ്ങൾക്ക് നിലനിൽക്കാൻ പറ്റൂ. ആചാരങ്ങൾ അനുഷ്‌ഠിച്ചെങ്കിൽ മാത്രമേ ക്ഷേത്രങ്ങളുടെ നിലനിൽപ് അഭങ്കുരം മുന്നോട്ടു പോവുകയുള്ളു. അതുകൊണ്ട് ക്ഷേത്രങ്ങളും ആചാരവും വിശ്വാസവും അവിടുത്തെ ഭക്തജനങ്ങളുമെല്ലാം പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നതാകായാൽ സമാധാനപരമായ തീർത്ഥാടനം നടക്കണമെന്നുണ്ടെങ്കിൽ ഭക്തജന താൽപര്യം സംരക്ഷിക്കാൻ ദേവസ്വം ബോർഡും സർക്കാരും ശക്തമായ നടപടി സ്വീകരിക്കണം.

കഴിഞ്ഞ വർഷം ആചാരം ലംഘിക്കുന്നവർക്കാണ് സർക്കാരും പൊലീസും കൂട്ടുന്നിന്നത്. ആ സമയത്ത് ഭക്തജനങ്ങൾക്ക് ആചാരം സംരക്ഷിക്കാൻ പ്രത്യക്ഷ നടപടികൾ സ്വീകരിക്കേണ്ടി വന്നു. ഇപ്രാവശ്യം സർക്കാർ‌ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡും പറയുന്നു ആചാരങ്ങൾ സംരക്ഷിക്കും. ഇപ്പോഴും ശബരിമലയിൽ നല്ല തിരക്കാണ്. ഇത് ഭക്തജനങ്ങൾക്ക് സർക്കാർ നൽകിയ ഉറപ്പിന്റെ ഫലമാണ്. പക്ഷേ സർക്കാർ ആ ഉറപ്പ് പാലിക്കുന്നില്ലെങ്കിൽ തൽഫലമായി ഉണ്ടാകുന്ന യാതൊരു കാര്യത്തിന്റെ ഉത്തരവാദി സർക്കാർ തന്നെയാകും. ഭക്തജനങ്ങൾ എന്തെങ്കിലും വഴി തേടേണ്ടി വരും. അവരെ സംബന്ധിച്ചിടത്തോളം ആചാരം കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തു സൂക്ഷിക്കുന്നതാണ്. അവരുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്’- കുമ്മനം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *