ഭാര്യയുടെ പരാതി: മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ ‘നിര്‍ത്തിശിക്ഷ’

തിരുവനന്തപുരം :  നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടുപോയ ഭാര്യയുടെ പരാതിയെത്തുടര്‍ന്ന്‌ ട്രാഫിക് ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശാസന.

ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയ ഡിജിപി, രാത്രി വൈകുംവരെ എല്ലാവരെയും ഓഫിസിനു മുന്നിൽ നിർത്തി ശിക്ഷിച്ചു. ഓഫിസിൽനിന്നു ഡിജിപി പോയതിനുശേഷവും ഇവർക്കു തിരികെ പോകാൻ അനുമതി ലഭിച്ചില്ല. ഒടുവിൽ അസോസിയേഷൻ നേതാക്കൾ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.

കഴക്കൂട്ടം– കാരോട് ബൈപ്പാസ് നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായ ചാക്ക ഭാഗത്താണു ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഗവർണർക്കു വിമാനത്താവളത്തിലേക്കു പോകാനായി ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗവർണറുടെ വാഹനം കടന്നു പോകാനായി വാഹനങ്ങൾ തടഞ്ഞിട്ടതിനിടയിലാണു ഡിജിപിയുടെ ഭാര്യയുടെ വാഹനവും കുടുങ്ങിയതെന്നാണു പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം.

ഇതിനു പിന്നാലെ രണ്ട് ട്രാഫിക് അസി. കമ്മിഷണർമാരെയും രണ്ട് സിഐമാരെയും ഡിജിപി പൊലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. കാര്യമെന്തെന്നറിയാതെ എത്തിയ നാലുപേരെയും ശാസിച്ച ഡിജിപി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ജോലിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി. പിന്നീട് നാലുപേരെയും മുറിക്ക് പുറത്തുനിർത്തി. ഓഫിസിൽനിന്ന് ഡിജിപി മടങ്ങിയിട്ടും ഇവരെ പോകാൻ അനുവദിച്ചില്ല. രാത്രിവൈകി, അസോസിയേഷൻ നേതാക്കൾ ഇടപെട്ടശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തയാറായില്ല. ഗതാഗതം നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണു ഡിജിപി ഉദ്യോഗസ്ഥരെ ശാസിച്ചതെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി.

Leave a Reply

Your email address will not be published. Required fields are marked *