ശബരിമലയില്‍ കർശന സുരക്ഷ ഒരുക്കാൻ പൊലീസ്

തിരുവനനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതിയുടെ പുതിയ വിധിയോടെ, രാഷ്ട്രീയ നേതൃത്വത്തിന്‍റെയും സുരക്ഷാ സേനയുടെയും പ്രവർത്തനം വരും ദിവസങ്ങളിൽ ശബരിമല കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഉറപ്പായി. പൊലീസിന്റെ സഹായത്തോടെ ശബരിമലയിൽ യുവതികളെ എത്തിച്ചാൽ എതിർക്കുമെന്നു വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും വ്യക്തമാക്കി കഴിഞ്ഞു. സർക്കാരിന്റെ നിലപാട് എന്തെന്നറിയാൻ കാത്തിരിക്കുകയാണവർ.

സുരക്ഷാഭീഷണികൾക്കിടയിലെത്തിയ സുപ്രീംകോടതി വിധി പൊലീസിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മണ്ഡല കാലത്തെ പ്രതിഷേധങ്ങളും തുടർന്നുണ്ടായ പൊലീസ് നടപടികളും സൃഷ്ടിച്ച അലയൊലികൾ അടങ്ങിയിട്ടില്ല. പൊലീസിന്റെ വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 45 സ്ത്രീകൾ ദർശനത്തിനായി ഓൺലൈൻ വഴി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ തവണ ദർശനത്തിനായെത്തി പ്രതിഷേധത്തെത്തുടർന്നു മടങ്ങേണ്ടിവന്ന തൃപ്തി ദേശായി അടക്കമുള്ളവർ ശബരിമലയിലെത്തുമെന്നു പ്രതികരിച്ച സാഹചര്യത്തിൽ കർശന സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനം.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചില സംഘടനകളിലെ സ്ത്രീകൾ ഇത്തവണയും ദർശനത്തിനെത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. വനിതാ പൊലീസിനെ ശബരിമലയിൽ വിന്യസിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. മണ്ഡലപൂജയ്ക്കായി 16–ാം തീയതിയാണ് നട തുറക്കുന്നത്. ജനുവരി 15നു മകരവിളക്ക് കഴിഞ്ഞശേഷം 20നു നട അടയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *